പ്രവാസികൾക്ക് കൊറോണ മുക്ത സർട്ടിഫിക്കറ്റ്: ഉത്തരവ് പിൻവലിച്ച് കുവൈറ്റ്

0
31

കുവൈറ്റ്: രാജ്യത്തെത്തുന്ന പ്രവാസികൾ കൊറോണ മുക്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് റദ്ദു ചെയ്ത് കുവൈറ്റ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ, ഫിലിപ്പൈൻസ്, ബംഗ്ലാദേശ്, സിറിയ, അസർബയ്ജാൻ, തുർക്കി, ശ്രീലങ്ക, ജോര്‍ജിയ, ലെബനനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.

ലീവിനടക്കം നാട്ടിലെത്തിയ പ്രവാസികൾക്കിടയിൽ നിരവധി ആശങ്ക ഉയർത്തിയ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് പ്രധാനമന്ത്രി ഷെയ്ഖ് സബാ അൽ ഖാലിദ് അൽ സബയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗമാണ് റദ്ദാക്കിയത്. മന്ത്രിസഭയുമായി ആലോചിക്കാതെ കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഒരു തീരുമാനങ്ങളും എടുക്കരുതെന്ന് എല്ലാ സർക്കാർ വകുപ്പുകൾക്കും നിർദേശവും നൽകിയിട്ടുണ്ട്.

ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് പുതിയ ഉത്തരവ് ചർച്ചയായത്. വിഷയവുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറിൽ നിഷ്കർഷിക്കുന്ന പരിശോധനകളും നിർദേശങ്ങളും നടപ്പിലാക്കാൻ പലരാജ്യങ്ങളിലും സാങ്കേതികമായ ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ട് തന്നെ സർക്കുലർ റദ്ദാക്കണമെന്നാണ് മന്ത്രിസഭാ യോഗം അറിയിച്ചത്.

വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾ കൊറോണ മുക്തരാണെന്ന് ഉറപ്പാക്കൻ ബദല്‍ സംവിധാനങ്ങൾ എത്രയും വേഗം സജ്ജമാക്കണമെന്നും മന്ത്രിസഭ വ്യക്തമാക്കി. ഇന്ത്യ അടക്കം പത്ത് രാജ്യങ്ങളിൽ നിന്നെത്തുന്നവർ കൊറോണ വൈറസ് മുക്തരാണെന്ന് കുവൈറ്റ് എംബസി അംഗീകരിച്ച ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നായിരുന്നു വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറിൽ പറഞ്ഞിരുന്നത്. മാര്‍ച്ച് എട്ട് മുതൽ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുമെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ അവരെ സ്വദേശത്തേക്ക് മടക്കി അയക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.