കുവൈറ്റ്: ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെ ഓൺലൈൻ വിൽപന സജീവമായതോടെ കര്‍ശന നടപടിക്കൊരുങ്ങി കുവൈറ്റ്. ശരീര പുഷ്ടിക്കുള്ള മരുന്നുകൾ, ഫുഡ് സപ്ലിമെന്റുകൾ എന്നിവയാണ് ഇത്തരത്തിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വിറ്റഴിക്കുന്നത്.സമൂഹ മാധ്യമങ്ങളിലടക്കം ഇവയുടെ പരസ്യങ്ങളും സജീവമായതോടെയാണ് കർശന നടപടിക്ക് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നത്.
ആരോഗ്യത്തിന് അത്യന്തം ഹാനികരമായ വസ്തുക്കളാണ് ആയുര്‍വേദ മരുന്നുകൾ, ഔഷധച്ചെടികൾ തുടങ്ങിയ പേരിൽ ഓൺലൈൻ വഴി വിൽക്കപ്പെടുന്നവയിൽ പലതും. സ്വദേശികളും വിദേശികളുമടക്കം ഇത്തരം മരുന്നുകളുടെ ഉപഭോക്താക്കളാണ്. ഈ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ വിറ്റാൽ കർശന നടപടിയെടുക്കുമെന്നാണ് മന്ത്രാലയത്തിലെ മരുന്ന്, ഭക്ഷണ നിയന്ത്രണ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ അറിയിച്ചിരിക്കുന്നത്.
ഇത്തരം കുറ്റകൃത്യങ്ങൾക്ക് രണ്ടുവർഷം വരെ തടവും 3000 ദിനാർ വരെ പിഴയുമാണ് കുവൈത്തിലെ നിയമപ്രകാരം ശിക്ഷ. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇത്തരം മരുന്നു വിൽപനകൾക്ക് മേൽ ശക്തമായ നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തുമെന്നും ഡോ. അബ്ദുല്ല അൽ ബദർ വ്യക്തമാക്കി.