കുവൈത്ത് ‘സാമൂഹിക പ്രതിരോധം’ എന്ന ലക്ഷ്യത്തിലേക്ക്

0
13

കുവൈത്ത് സിറ്റി: കുവൈത്ത് സാമൂഹിക പ്രതിരോധം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു, അടുത്ത രണ്ട് മാസത്തിനുള്ളിൽ ജനസംഖ്യയുടെ 70 ശതമാനത്തിനും പ്രതിരോധ വാക്സിനേഷൻ നൽകി കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി കഠിന പ്രയത്നമാണ് രാജ്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഏതാനും ആഴ്ചകൾക്കകം തന്നെ രാജ്യത്തെ ജനജീവിതം പൂർവ്വസ്ഥിതിയിൽ ആകുമെന്നുംം ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്ത്തു.

അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ ശുപാർശ ചെയ്യുന്ന ഏറ്റവും പുതിയ ചികിത്സാ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടാണ് ആരോഗ്യ മന്ത്രാലയം നിലവിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നതെന്നും, വാക്സിൻ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ദിവസേനയുള്ള അണുബാധ കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗമുക്തി നേടുന്നവരുടെ നിരക്ക് ഏപ്രിൽ 27ഓടെ 93.8 ശതമാനത്തിലെത്തി, അറബ് രാജ്യങ്ങളിലെ കോവിഡ രോഗമുക്തി നിരക്ക് ഇപ്രകാരമാണ്, സൗദി അറേബ്യയിൽ 96%, യുഎഇയിൽ 96.3%, ഖത്തറിൽ 90.7%, ഒമാൻ സുൽത്താനത്ത് 89.3%, ബഹ്‌റൈനിൽ 93.6%.