വ്യാജ അസുഖക്കാർ സൂക്ഷിക്കുക: രോഗാവധി ദുരുപയോഗം ചെയ്യുന്നവരെ കുടുക്കാൻ സർക്കാർ

0
31

കുവൈറ്റ്: വ്യാജ രോഗ സർട്ടിഫിക്കറ്റ് കാട്ടി അവധി സംഘടിപ്പിക്കുന്നവരെ കുടുക്കാൻ കുവൈറ്റ് സര്‍ക്കാർ. ഇത്തരത്തിൽ അവധി എടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഇവരെ പിടികൂടാൻ സർക്കാർ പദ്ധതി ആവിഷ്കരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നീക്കം.

ആഘോഷനാളുകളിലെ അവധിക്കൊപ്പം കൂടുതൽ അവധിയെടുക്കുന്നതിനായി രോഗ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ, രോഗാവധി ദുരുപയോഗം ചെയ്ത് വിദേശത്ത് കടക്കുന്നവർ എന്നിവർക്കാകും കുടുക്കും വീഴുക. രോഗാവധി രേഖപ്പെടുത്തി വിദേശത്തേക്ക് പോകുന്നവരെ മടങ്ങിയെത്തുമ്പോൾ അറസ്റ്റ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഡോക്ടർമാരുമായുള്ള സൗഹൃദം മുതലെടുത്താണ് പലരും ഇത്തരത്തിൽ രോഗ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കുന്നത്. നേരിട്ടല്ലെങ്കിൽ പോലും ഇത്തരം അവധികള്‍ സർക്കാരിന് നഷ്ടം വരുത്തി വയ്ക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി. വ്യാജ സർട്ടിഫിക്കറ്റ് നേടുന്നവർ മാത്രമല്ല അത് നല്‍കുന്ന ഡോക്ടർമാർക്കെതിരെയും നടപടിയുണ്ടാകും.