കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം പരിഗണിച്ച് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (PAAAFR) 2020 മാർച്ചിലായിരുന്നു മൃഗശാല താൽക്കാലികമായി അടച്ചിട്ടത്. പാൻഡെമിക്കിന് മുമ്പ് ഏകദേശം 170,000 സന്ദർശകരാണ് മൃഗശാലയിൽ എത്തിയിരുന്നത്. അടച്ചിട്ട ശേഷം മൃഗശാല വീണ്ടും തുറക്കുന്നതിനുള്ള തീയതി അതോറിറ്റി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന മൃഗശാല തുറക്കണമെന്നാവശ്യം പൊതു സമൂഹത്തിൽ നിന്ന് ഉയരുന്നതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. വീണ്ടും തുറക്കുന്ന തീയതി പ്രഖ്യാപിക്കാതെ അടച്ചുപൂട്ടുന്നത് യുക്തിരഹിതമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നതെന്നും ഇതിൽ പറയുന്നു.
മൃഗശാലയിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പുനഃസ്ഥാപിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതിനാൽ, മൃഗശാല വീണ്ടും തുറക്കാൻ കുറച്ച് സമയമെടുക്കുമെന്നാണ് അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്.