കുവൈറ്റ് സിറ്റി: യുഎഇയുടെ മാതൃകയില്‍ പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസകള്‍ അനുവദിക്കാനുള്ള തയ്യാറെടുപ്പുകളുമായി കുവൈറ്റ് ഭരണകൂടം. ഇതിനായി രാജ്യത്തെ റെസിഡന്‍സ്, വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്. വിദേശി നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഞ്ച് മുതല്‍ 15 വരെ വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വിസകള്‍ അനുവദിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യ വല്‍ക്കരിക്കാനുള്ള ലക്ഷ്യമാണ് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള നീക്കത്തിന് പിന്നിലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ദീര്‍ഘകാല വിസ അനുവദിക്കുന്നതിലൂടെ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. രാജ്യത്ത് ഏതെങ്കിലും മേഖലകളില്‍ നിക്ഷേപം ഇറക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ദീര്‍ഘകാല വിസ നല്‍കുന്നതിലൂടെ നിലവിലെ വിസ നിയമങ്ങള്‍ അവര്‍ക്ക് ഒഴിവാക്കി നല്‍കാനാവും. വിസ, യാത്രാ നിയന്ത്രണങ്ങള്‍ ലളിതമാവുന്ന മുറയ്ക്ക് കൂടുതല്‍ പേര്‍ രാജ്യത്ത് നിക്ഷേപം ഇറക്കാന്‍ തയ്യാറായി വരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.