കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ ജാബർ അൽ സബാഹ് റിയാദിൽ വെച്ച് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് മായി കൂടിക്കാഴ്ച നടത്തി. ഷെയ്ഖ് സലേം അബ്ദുല്ല അധികാരമേറ്റ ശേഷമുള്ള സന്ദർശനത്തിനിടെ ആയിരുന്നു കൂടിക്കാഴ്ച.
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് എന്നിവരുടെ ആശംസകൾ ഷെയ്ഖ് സേലം സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ-സൗദിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ-സൗദിനെയും അറിയിച്ചു.
കൂടിക്കാഴ്ചയിൽ സാമ്പത്തികം, രാഷ്ട്രീയം, സുരക്ഷാ സംയോജനം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും ബന്ധങ്ങൾ സംബന്ധിച്ച് പ്രതിപാദിച്ചു. പ്രാദേശിക, അന്തർദേശീയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഏകീകൃത നിലപാടുകൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു.