ഇസ്ലാമിക്‌ വിമന്‍സ്‌ അസോസിസേഷന്‍ (ഐവ) വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു

0
73

സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്‌. എന്നാല്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യം അപകടകരമാണ് എന്ന്
ഇസ്ലാമിക്‌ വിമന്‍സ്‌
അസോസിസേഷന്‍ (ഐവ) കുവൈത്ത്‌ പ്രതിനിധികൾ പറഞ്ഞു.സ്വാതന്ത്ര്യമുള്ളതോടൊപ്പം തന്നെ അനിവാര്യമായ വിലക്കുകളും അതിരുകളും പാലിക്കുമ്പോള്‍ മാത്രമേ മനുഷ്യന്‍ സംസ്‌കാരമുള്ളവനാവുകയുള്ളൂ.അല്ലെങ്കില്‍ അരാജകത്വമായിരിക്കും ഫലം എന്ന് ഐവ അംഗങ്ങൾ പറഞ്ഞു.

കമ്പോളത്തിന്റെ ഉല്പന്നമാണ്‌ ഉദാരവാദം അഥവാ ലിബറലിസം. സ്വാതന്ത്രത്തിന്റെയും
തുല്യാവകാശത്തിന്റെയും പേരിലാണ്‌ അത്‌ രംഗപ്രവേശം ചെയ്തതെങ്കിലും കുടുംബവ്യവസ്ഥയും സദാചാര
ധാര്‍മിക ബോധവും നശിപ്പിക്കുകയാണ്‌ അതിന്റെ ലക്ഷ്യം. മനുഷ്യ സമൂഹത്തിന്റെ ആരോഗ്യകരമായ
നിലനില്‍പിന്‌ ലിബറലിസം അപകടകരമാണ്‌. സ്ത്രീപുരുഷ ബന്ധങ്ങള്‍, ലൈംഗികത, ജീവിതാസ്വാദനങ്ങള്‍
തുടങ്ങിയവയിലൊന്നും ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും നിയമങ്ങളും വേണ്ടെന്നതാണ്‌ ലിബറല്‍
കാഴ്ചപ്പാട്‌. അതിരുകളില്ലാത്ത ലൈംഗികതയാണ്‌ അത്‌ പ്രോത്സാഹിപ്പിക്കുന്നത്‌. അത്‌ സമൂഹത്തെ
ലൈംഗിക അരാജകത്വത്തിലേക്കാണ്‌ നയിക്കുക. ലിബറലിസത്തിലേക്ക്‌ കാലെടുത്ത്‌ വെച്ചിട്ടുള്ള പല
രാജ്യങ്ങളും അതിന്റെ അപകടങ്ങള്‍ മനസ്സിലാക്കി തിരിച്ചു നടക്കുന്നുണ്ട്‌. സ്കൂളുകളിലും
കോളേജുകളിലും ഇത്തരത്തിലുള്ള അതിരുവിട്ട ലൈംഗികതയുടെ കോപ്രായങ്ങള്‍ വര്‍ധിച്ചുവരുന്നു.
ഭരണാധികാരികളും മാധ്യമങ്ങളും ഇതിനൊക്കെ പ്രോത്സാഹനം കൊടുക്കുകയും ചെയ്യുന്നു. ഈ നവ
ലിബറലിസ്റ്റ്‌ ചിന്താഗതികള്‍ വ്യക്തികളിലും കുടുംബത്തിലും സമുഹത്തിലും വലിയ പ്രശ്ങ്ങള്‍
സൃഷ്ടിക്കുമെന്ന്‌ ഇസ്ലാമിക്‌ വിമെന്‍സ്‌ അസോസിയേഷന്‍ മനസിലാക്കുന്നു.
ഈ പശ്ചാതലത്തിലാണ്‌ ‘ലിബറലിസം സാമൂഹ്യ വിപത്ത്‌’ എന്ന തലക്കെട്ടില്‍ ഇസ്ലാമിക്‌ വിമന്‍സ്‌
അസോസിസേഷന്‍ (ഐവ) കുവൈത്ത്‌ വനിതാസമ്മേളനം സംഘടിപ്പിക്കുന്നത്‌.

മെയ്‌ 5 ന്‌ വെള്ളിയാഴ്ച വൈകിട്ട്‌ 6.30 നു അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന
സമ്മേളനത്തില്‍ മുഖ്യ അതിഥികളായി നാട്ടില്‍ നിന്നും മോട്ടിവേഷണല്‍ സ്പീക്കറും, സാമുഹ്യ
പ്രവര്‍ത്തകയുമായ ഫാത്തിമ ശരബരിമാല, എം.എസ്‌.എഫ്‌ മുന്‍ ദേശീയ വൈസ്‌ പ്രസിഡന്റ്‌ അഡ്വ.ഫാത്തിമ
തഹ്ലിയ, അദ്ധ്യാപികയും, എഴുത്തുകാരിയും, സാമൂഹ്യ പ്രവര്‍ത്തകയും, മഹിളാ കോണ്‍ഗ്രസ്‌
സെക്രട്ടറിയുമായ ഡോ. സോയജോസഫ്‌, ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ വിമെന്‍സ്‌ വിങ്‌ സംസ്ഥാന കാണ്‍സില്‍
അംഗം സി.വി. ജമീല ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും. കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ
പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.

കുവൈത്തില്‍ പ്രവാസ ജീവിതം നയിക്കുന്ന വനിതകളുടെ സര്‍വ്വതോന്‍മുഖമായ പുരോഗതി ലക്ഷ്യമാക്കി 28
വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വനിതാ പ്രസ്ഥാനമാണ്‌ ഐവ. വനിതകളുടെ ധാര്‍മിക വികാസത്തിനും
സംസ്കരണത്തിനും സര്‍ഗ വികാസത്തിനും ഉതകുന്ന രീതിയിലുള്ള വ്യവസ്ഥാപിതമായ പരിപാടികള്‍ ഐവ
നടപ്പിലാക്കി വരുന്നു. സൗഹൃദ സംഗമങ്ങള്‍, ചര്‍ച്ച സമ്മേളനങ്ങള്‍, സെമിനാറുകള്‍, ആരോഗ്യ
ബോധവത്കരണ ക്ളാസുകള്‍, മെഡിക്കല്‍ സെമിനാറുകള്‍, സംവാദങ്ങള്‍, ഇഫ്ത്താര്‍ സംഗമങ്ങള്‍ എന്നിവ
സംഘടിപ്പിച്ചുകൊണ്ട്‌ വനിതകളുടെ വൈജ്ഞാനിക, സാമൂഹിക വളര്‍ച്ചക്ക്‌ ആക്കം കൂട്ടുകയും
സമൂഹത്തോടുള്ള കടപ്പാടുകള്‍ നിറവേറ്റുകയും ചെയുന്നു. ഒഴിവു സമയങ്ങളെ ക്രിയാത്മകമായി
ഉപയോഗപ്പെടുത്തി വനിതകള്‍ക്ക്‌ വേണ്ടി വിവിധ പരിരീലനങ്ങളും സംഘടിപ്പിച്ചുവരുന്നു.

മുമ്പ്‌ നടന്ന ഐവ വനിതാ സമ്മേളങ്ങളില്‍ സാറ ജോസഫ്‌, ജസ്റ്റീസ്‌ ശ്രീദേവി, ദീപ നിശാന്ത്‌ തുടങ്ങിയ പല
പ്രമുഖ വനിതകളും പങ്കെടുത്തിട്ടുണ്ട്‌. മെയ്‌ 5 ന്‌ വെള്ളിയാഴ്ച വൈകിട്ട്‌ 6.30 നു ഇന്ത്യന്‍ സെന്‍ട്രല്‍
സ്‌കൂളില്‍ നടക്കുന്ന ഈ വനിതാ സമ്മേളനവും കുവൈത്തിലെ പ്രവാസി വനിതാ ചരിത്രത്തില്‍ മേഖലയില്‍
ഒരു നാഴികക്കല്ലായിരിക്കുമെന്ന്‌ ഐവ നേതാക്കള്‍ പറഞ്ഞു.
ഐവ പ്രസിഡന്‍റ്‌ മെഹ്ബൂബ അനീസ് , ജനറല്‍ സെക്രട്ടറി ആശ ദൗലത്ത്‌ , ട്രഷറര്‍ സബീന റസാഖ്‌ , അസിസ്റ്റന്റ്
പ്രോഗാം കണ്‍വീനര്‍ സമിയ ഫൈസല്‍, വൈസ്‌ പ്രസിഡന്റ്മാരായ വര്‍ദ അന്‍വര്‍ , നജ്മ ഷരീഫ്‌ മീഡിയ
കണ്‍വീനര്‍ സിമി അക്ബര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു