2002ൽ കുവൈറ്റിലെ മംഗഫിൽ സ്ഥാപിതമായ ഇൻഡ്യ ഇന്റർനാഷണൽ സ്കൂൾ 21 വർഷം പൂർത്തിയാക്കി ഒട്ടേറെ വിജയഗാഥകൾ രചിച്ചുകൊണ്ട് മുന്നേറുകയാണ്. പഠനനിലവാരത്തിൽ പോലെതന്നെ അച്ചടക്കത്തിലും സ്വഭാവരൂപീകരണത്തിലും ഈ വിദ്യാലയം വഹിക്കുന്ന പങ്ക് നിസ്തുലമാണ്. അക്കാഡമിക് രംഗത് തന്നെ സയൻസ് വിഷയത്തിൽ ഈ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിനി ഗൾഫ് മേഖലയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയതും അന്നത്തെ മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്‌മൃതി ഇറാനി സ്കൂൾ അധികൃതരെ നേരിൽ അഭിനന്ദനം അറിയിച്ചതും അവിസ്മരണീയമാണ്. ഇന്ത്യയിലും വിദേശത്തും ഇന്ന് തല ഉയർത്തി നിൽക്കുന്ന അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയും പുത്തൻ കാഴ്ചപ്പാടുകളുടെ ശില്പിയുമായ ഡോ: പി എ ഇബ്രാഹിം ഹാജി 1993ൽ കുവൈറ്റ് സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് മുന്നിൽ ഈ ആശയം പങ്ക് വെച്ചതിന്റെ സാഫല്യമാണ് 2002ൽ ആരംഭിച്ച ഈ വിദ്യാലയം. അദ്ദേഹം ഒരു വർഷം മുന്നേ കാലയവനികക്ക് മുന്നിൽ മറഞ്ഞു.
അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി കുവൈറ്റിലെ വിദ്യാർത്ഥികൾക്കായി ഒരു ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരം സംഘടിപ്പിക്കുകയാണ്. “മീഡിയ സ്വാതന്ത്രമോ, അല്ലയോ?” എന്ന വിഷയത്തെ ആസ്പതമാക്കിയാണ് കുവൈറ്റിലെ 13 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ഈ മത്സരത്തിന് അണിചേരുന്നത്. വർത്തമാന കാലത്തു അന്താരാഷ്ട്രീയ തലത്തിലും ദേശീയ തലത്തിലും നിലനിൽക്കുന്ന സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിഷയം തെരഞ്ഞെടുത്തത്. ഈ വിഷയത്തെ സംബന്ധിച്ചു സംസാരിക്കാൻ കേരളത്തിലെ മുൻ ജലസേചന വകുപ്പ് മന്ത്രിയും കൊല്ലം ലോക്‌സഭാ അംഗവും പ്രമുഖ വാക്മിയുമായ എൻ കെ പ്രേമചന്ദ്രൻ എത്തിച്ചേരുന്നുണ്ട്. ഡോ: പി എ ഇബ്രാഹിം ഹാജി അനുസ്മരണ പ്രഭാഷണം നടത്തുന്നതിന് കേരളാ പ്രതിപക്ഷ ഉപനേതാവും നിയമസഭാ അംഗവുമായ ഡോ: എം കെ മുനീർ സംബന്ധിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. മെയ് 5 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കാണ് വാക് പയറ്റ് ആരംഭിക്കുക. കുവൈറ്റിലെ മാധ്യമ രംഗത്തും നിയമ രംഗത്തും പ്രവർത്തിക്കുന്ന 3 പ്രമുഖരാണ് മത്സരത്തിന് വിധിനിർണയിക്കുന്നത്. ജേതാക്കൾക്കുള്ള ട്രോഫി രണ്ടാം ദിനമായ ശനിയാഴ്ച വിശിഷ്ടാതിഥികൾ സമ്മാനിക്കും. അന്ന് തന്നെ കഴിഞ്ഞ വർഷത്തെ CBSE പൊതു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ 3 വിദ്യാർത്ഥികൾക്കുള്ള ഡോ: പി എ ഇബ്രാഹിം ഹാജി സ്മാരക ട്രോഫിയും സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ സ്കൂൾ ഡയറക്ടർ മലയിൽ മൂസ കോയ, പ്രിൻസിപ്പാൾ കെ വി ഇന്ദുലേഖ, വൈസ് പ്രിൻസിപ്പൽ ഡോ: കെ സലിം, പേസ് ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഹിഷാം, പ്രോഗ്രാം കോഓർഡിനേറ്റർ ശിഹാബ് നീലഗിരി, മീഡിയ കോഓർഡിനേറ്റർ അഫ്താബ് എന്നിവർ പങ്കെടുത്തു.