ഇന്ത്യ ഇന്റർനാഷണൽ സ്‌കൂൾ ഡിബേറ്റ് മത്സരവും സെമിനാറും സംഘടിപ്പിച്ചു

0
21

കുവൈറ്റ്: മംഗഫിലെ ഇന്ത്യ ഇന്റർനാഷണൽ സ്‌കൂൾ കുവൈത്തിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. സ്‌കൂൾ സ്ഥാപകനും ചെയർമാനും ആയിരുന്ന ഡോ: പി എ ഇബ്രാഹിം ഹാജിയുടെ സ്മരണാർത്ഥം നടത്തിയ മത്സരത്തിൽ കുവൈത്തിലെ വിവിധ വിദ്യാലയങ്ങളിലെ നിരവധി കുട്ടികൾ പങ്കെടുത്തു. ‘മാധ്യമങ്ങൾ നിഷ്പക്ഷമോ അല്ലയോ’ എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചായിരുന്നു മത്സരം. കുവൈറ്റ് ടൈംസ് എഡിറ്റർ സജീവ് പീറ്റർ, ദി ടൈംസ് എഡിറ്റർ റിവൻ ഡിസൂസ, കുവൈറ്റ് ഐർവേസ്‌ ലീഗൽ അഡ്വൈസർ അഡ്വ. രാജേഷ് സാഗർ എന്നിവർ വിധി കർത്താക്കളായ മത്സരത്തിൽ ഇന്ത്യൻ എഡ്യൂക്കേഷൻ സ്കൂളിലെ ഫിദ ആൻസി ഒന്നാം സ്ഥാനവും യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ നേഹ ആൻ മേരി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫഹാഹീൽ അൽ വാതനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂളിലെ മുഹമ്മദ് റയ്ഹാൻ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലെ ശിവാനി മേനോൻ, ലേണേഴ്‌സ് ഓൺ അക്കാദമിയിലെ ജയ് കൃഷ്ണ, ഇന്ത്യ ഇന്റർനാഷണൽ സ്കൂളിലെ നുഹ നൗഫൽ, ഗൾഫ് ഇന്ത്യൻ സ്കൂളിലെ ഫ്രെയ്സനെർ ഫെനിൽ എന്നിവർ മികച്ച പ്രകടനം നടത്തിയതിനുള്ള പ്രത്യേക പരാമര്ശത്തിനും അർഹരായി.

രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ രണ്ടാം ദിനം സെമിനാറും അവാർഡ് ദാനവുമായിരുന്നു. സ്‌കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. ഡോ എം കെ മുനീർ എം എൽ എ, ഇബ്രാഹിം ഹാജി അനുസ്മരണ പ്രഭാഷണം നത്തി. അബു ഇക്ബാൽ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന കവി രചന നിർവഹിച്ച് സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ ഈണം നൽകി സ്‌കൂളിലെ വിദ്യാര്തഥികൾ ആലപിച്ച മലയാളം കവിതയും സ്‌കൂൾ അറബിക് വിഭാഗം തയ്യാറാക്കിയ അനുസ്മരണ കവിതയും പരിപാടിയോടനുബന്ധിച്ച് നടന്നു. ‘മാധ്യമങ്ങൾ നിഷ്പക്ഷമോ അല്ലയോ’ എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ പ്രമുഖ വാഗ്മിയും പാർലമെന്റ് മെമ്പറും ആയ എൻ കെ പ്രേമചന്ദ്രൻ സംസാരിച്ചു. ഡിബേറ്റ് വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. കഴിഞ്ഞ വർഷത്തെ CBSE പൊതു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ വിദ്യാർത്ഥികൾക്കുള്ള ഡോ: പി എ ഇബ്രാഹിം ഹാജി സ്മാരക സ്വർണ്ണ പതക്കം ചടങ്ങിൽ പേസ് ഗ്രൂപ്പ് ഡയറക്ടറും ഇബ്രാഹിം ഹാജിയുടെ മകനുമായ ആദിൽ ഇബ്രാഹിം സമ്മാനിച്ചു. പേസ് ഗ്രൂപ്പ് സി ഇ ഓ അഡ്വ. ആസിഫ് മുഹമ്മദ് ചടങ്ങിൽ അതിഥിയായി പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ കെ വി ഇന്ദുലേഖ, വൈസ് പ്രിൻസിപ്പാൾ ഡോ. കെ സലീം, പേസ് ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഹിശാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കോർഡിനേറ്റർ ശിഹാബ് നീലഗിരി ചടങ്ങുകൾക്ക് നന്ദി പറഞ്ഞു.