കുവൈറ്റ് സിറ്റി: ഫിലിപ്പൈൻസിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിരോധനം തുടരുകയും രാജ്യത്തെ പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാമതായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, കുവൈറ്റ് പുതിയ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. കുവൈറ്റിലെ തൊഴിൽ വിപണിയിൽ ന്യൂനപക്ഷമായ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരെ കൊണ്ടുവരാൻ പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന് (പിഎഎം) നിർദ്ദേശം നൽകിയിരുന്നു. ആദ്യ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ-സബാഹ് ആണ് ഇതുസംബന്ധിച്ച് ആദ്യം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
വിയറ്റ്നാം, മഡഗാസ്കർ എന്നിവിടങ്ങളിൽ നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം പദ്ധതി ഇട്ടതായാണ് പുറത്ത് വന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങളുമായുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.അടുത്ത ഘട്ടത്തിൽ, നേപ്പാൾ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായിരിക്കും മെഡിക്കൽ പ്രൊഫഷണലുകളെ MOH റിക്രൂട്ട് ചെയ്യുക എന്നാണ് സൂചന