ട്രാഫിക് നിയമലംഘനം, 50 പോയിന്റ് കഴിഞ്ഞ 360 ഓളം ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കി

0
21

കുവൈറ്റ് സിറ്റി: ട്രാഫിക് നിയമ ലംഘനം 50 പോയിന്റ് കവിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 360 ഓളം ഡ്രൈവർമാരുടെ ലൈസൻസുകൾ ട്രാഫിക് വകുപ്പ് റദ്ദാക്കി. ട്രാഫിക് പോയിന്റ് സമ്പ്രദായം അനുസരിച്ച്, 14 പോയിന്റുകൾ നേടുന്നവരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യും. അടുത്ത 12 പോയിന്റുകൾക്ക്, ഡ്രൈവർക്ക് ആറ് മാസത്തെ സസ്പെൻഷനും രണ്ടാമത്തെ സസ്പെൻഷനുശേഷം 10 പോയിന്റ് നേടുന്നവർക്ക് ഒമ്പത് മാസത്തെ സസ്പെൻഷനും ലഭിക്കും. മൂന്നാമത്തെ സസ്പെൻഷനുശേഷം,  എട്ട് പോയിന്റുകൾ ആയാൽ  ഡ്രൈവരുടെ  ലൈസൻസ് സസ്പെൻഡ്  ചെയ്യും. അവസാനമായി, നാലാമത്തെ സസ്‌പെൻഷനുശേഷം ഡ്രൈവർക്ക് ആറ് പോയിന്റ് ലഭിച്ചാൽ അതായത് 50 പോയിന്റിൽ എത്തുമ്പോൾ ലൈസൻസ് ശാശ്വതമായി റദ്ദാക്കപ്പെടും,  ലൈസൻസ് പിൻവലിച്ചതായി സൂചിപ്പിക്കുന്ന ഒരു സന്ദേശം “മൊബൈൽ ഐഡി” ആപ്പിൽ ദൃശ്യമാകും.

ലംഘനങ്ങളുടെ വിഭാഗമനുസരിച്ച് പോയിന്റുകൾ ചേർക്കുന്നത്. മൊബൈൽ ഉപയോഗിക്കുന്നതിന്, ഡ്രൈവർക്ക് 2 പോയിന്റും ചുവന്ന ലൈറ്റ് ക്രോസ് ചെയ്യൽ, അശ്രദ്ധമായ ഡ്രൈവിംഗ്, ശ്രദ്ധക്കുറവ് തുടങ്ങിയവയ്ക്ക് 4 പോയിന്റും ലഭിക്കും. പുതിയ പോയിന്റ് ഒന്നും ഇല്ലാതെ ഒരു വർഷം പൂർത്തിയായാൽ സിസ്റ്റത്തിൽ നിന്ന് നിലവിലുള്ള പോയിന്റുകൾ ഇല്ലാതാകും.