ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൗണ്ട് ടൗൺ തുടങ്ങിയത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇസ്രൊയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനം ലോഞ്ച് വെഹിക്കിൾ മാർക്ക്–3 (എൽവിഎം3) റോക്കറ്റിലേറിയാകും ചന്ദ്രയാന്റെ യാത്ര. രാജ്യം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്നതാണു ദൗത്യം. 615 കോടി രൂപയാണ് ഇതിന്റെ ചെലവ്. ആകെ 3900 കിലോഗ്രാമാണു ഭാരം.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാന്ഡിങ് ആണ് ചാന്ദ്രയാൻ മൂന്നാം ദൗത്യത്തിന്റെ ലക്ഷ്യം. ചന്ദ്രയാൻ 2ൽ ലാൻഡറും റോവറും ഗവേഷണ ഉപഗ്രഹത്തോടുകൂടിയ ഓർബിറ്ററുമുണ്ടായിരുന്നു. ഇത്തവണ ദൗത്യത്തിൽ ലാൻഡറും റോവറും മാത്രമാണുള്ളത്. എന്നാൽ, ബഹിരാകാശ പേടകത്തിൽ സ്പെക്ട്രോ- പൊളരിമെട്രി ഒഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (ഷേപ്) എന്ന പേരിലുള്ള ഉപകരണമുണ്ടാകും. ചാന്ദ്രഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ സ്പെക്ട്രൽ, പൊളറിമെട്രിക് ഗുണങ്ങൾ പരിശോധിക്കുകയാണു ഷേപിന്റെ ദൗത്യം.
ചാന്ദ്രയാൻ പരമ്പരയിലെ മൂന്നാം ദൗത്യമാണിത്. 2008ലെ ആദ്യ ദൗത്യം (ചന്ദ്രയാൻ 1) വൻ വിജയമായിരുന്നു. ചന്ദ്രനെ വലംവച്ച് ചിത്രങ്ങളടക്കം വിവരങ്ങൾ കൈമാറിയ ആദ്യ ദൗത്യത്തിന് 2 വർഷമാണ് ആയുസ് പ്രതീക്ഷിച്ചത്. എന്നാൽ, അതിലധികം കാലം ഇതു പ്രവർത്തിച്ചു. 2019ലായിരുന്നു രണ്ടാം ദൗത്യം. അന്നു ലാൻഡിങ്ങിനു മുൻപ് ലാൻഡർ നിയന്ത്രണം നഷ്ടമായി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത് തിരിച്ചടിയായി. ചന്ദ്രനിൽ ലാൻഡറും റോവറും ഇറക്കുകയെന്ന അന്നത്തെ ലക്ഷ്യം പൂർത്തിയാക്കാനാണ് ഇത്തവണ ശ്രമം.