കുവൈത്തില്‍ വിദേശികളുടെ ഇഖാമ കാലാവധി അഞ്ചു വര്‍ഷമായി ചുരുക്കുന്നത് പരിഗണനയിൽ

0
30

കുവൈത്തില്‍ ഇഖാമ കാലാവധി (താമസാനുമതി) അഞ്ചു വര്‍ഷമായി ചുരുക്കുന്നതിനുള്ള പുതിയ നിയമം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പിനായി വന്നേക്കും. അടിയന്തര വിഷയമായി ദേശീയ അസംബ്ലിയിലേക്ക് റഫര്‍ ചെയ്യുന്നതിന് മുമ്പ് ഈ നിര്‍ദ്ദേശം ചര്‍ച്ചയ്ക്കും അംഗീകാരത്തിനുമായി ആദ്യം മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റെസിഡന്റ് പെര്‍മിറ്റ് കാലാവധി അഞ്ചു വര്‍ഷമായി നിജപ്പെടുത്തുന്നതിന് പാര്‍ലമെന്റ് അനുമതി ലഭിച്ചാല്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാവും

വിദേശികളുടെ എണ്ണം നിയന്ത്രിക്കുന്ന പുതിയ നിയമമാണ് പരിഗണനയിലുള്ളത്. ഇഖാമ ട്രേഡിങ്ങ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബില്ലിലെ മിക്ക ചട്ടങ്ങളിലും കഴിഞ്ഞ ആഴ്ചകളില്‍ സമൂലമായ മാറ്റംവരുത്തിയിരുന്നു. ഫത്‌വ, നിയമനിര്‍മാണ വകുപ്പ്, ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പ്, സിവില്‍ സര്‍വീസ് കമ്മീഷന്‍, കുവൈറ്റ് സര്‍വകലാശാലയിലെ കുവൈറ്റ് നിയമജ്ഞര്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് നിയമം വീണ്ടും അവലോകനം ചെയ്തത്.

കരട് നിയമം നിലവിലെ വേനല്‍ക്കാല സെഷനില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും. ഒക്ടോബര്‍ അവസാനം ചേരുന്ന അടുത്ത പാര്‍ലമെന്റ് സെഷന്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ അസംബ്ലിക്ക് റഫര്‍ ചെയ്യുന്നതിനായി നിയമം തയ്യാറാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.