പ്രവാസികള്‍ രാജ്യം വിടുന്നതിന് മുമ്പ് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ അടക്കണം

0
37

പ്രവാസികള്‍ രാജ്യം വിടുന്നതിന് മുമ്പ് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ ക്ലിയര്‍ ചെയ്യണം. സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഫൈനല്‍ എക്‌സിറ്റില്‍ മാത്രമല്ല, അവധിക്കായി റീ എന്‍ട്രി വിസയില്‍ പോകണമെങ്കിലും ഇത് നിര്‍ബന്ധമാണ്.

ട്രാഫിക് പിഴകള്‍ ഉണ്ടെങ്കില്‍ അത് പൂര്‍ണമായും അടച്ചുതീര്‍ത്താല്‍ മാത്രമേ രാജ്യത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ഓഗസ്റ്റ് 19 ശനിയാഴ്ച മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. അവധിയില്‍ പോകുന്നവര്‍ പിന്നീട് തിരിച്ചുവരാതിരിക്കുമ്പോള്‍ ഇത്തരം പിഴ സംഖ്യകള്‍ ലഭിക്കാതെ വരുന്നത് തടയുന്നതിനാണ് ഈ നിയന്ത്രണം കൊണ്ടുവരുന്നത്.

രാജ്യംവിടാനുള്ള കാരണം പരിഗണിക്കാതെ തന്നെ (ഫൈനല്‍ എക്‌സിറ്റ്, എക്‌സിറ്റ് / റീ-എന്‍ട്രി വിസകള്‍) ബില്‍ മുഴുവനായി അടയ്ക്കണമെന്ന് കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ (പഴയ ട്വിറ്റര്‍) അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന പ്രവാസികളില്‍ നിന്ന് ദശലക്ഷക്കണക്കിന് ദിനാര്‍ മൂല്യമുള്ള ബില്‍ കുടിശ്ശിക തിരിച്ചുപിടിക്കാനാണ് ഈ നടപടിയുടെ ലക്ഷ്യമിടുന്നതെന്ന് കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളം, വൈദ്യുതി, ട്രാഫിക് ബില്ലുകള്‍ ഈടാക്കുന്നതില്‍ കുവൈറ്റിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മിക്കവാറും കാലഹരണപ്പെട്ടതാണെന്നും ഇത് പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങളും പേയ്‌മെന്റുകള്‍ വൈകിപ്പിക്കാന്‍ അനുവദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.