കെ.എം.എഫ് കുവൈറ്റ് സംഘടിപ്പിക്കുന്ന ‘ഹൃദ്യം 2023’ സാംസ്കാരിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

കുവൈറ്റിലെ ആരോഗ്യ മേഖലയിൽ വ്യത്യസ്ത മേഖലകളിലായിജോലി ചെയ്യുന്ന ഡോക്ടർമാർ ഒഴികെയുള്ള മുഴുവൻ ആരോഗ്യ പ്രവത്തകരെയും ഉൾക്കൊള്ളുന്ന കൂട്ടായ്മയായ കേരളൈറ്റ്‌സ് മെഡിക്കൽ ഫോറം കുവൈറ്റ്, രണ്ടു പ്രവർത്തന വര്ഷം പിന്നിടുകയാണ്. 2021 ഒക്ടോബർ 1ന് കേരള ആരോഗ്യ മന്ത്രി വീണ ജോർജ്‌ജാണ് ഈ പൊതു കൂട്ടായ്മയുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചത്. രണ്ടു വർഷം പൂർത്തിയാകുന്ന വേളയിൽ ‘ഹൃദ്യം 2023’ എന്ന സാംസ്കാരിക പരിപാടിക്ക് കെ.എം.എഫ് കുവൈറ്റ് നേതൃത്വം കൊടുക്കുകയാണ്. സെപ്തംബര് 15 വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ, കുവൈറ്റിലെ ഇന്ത്യൻ എംബസി പ്രതിനിധികളും, കേരളത്തിൽ നിന്നുള്ള കലാകാരന്മാരും പങ്കാളികളാകുന്നുണ്ട്.

വൈകുന്നേരം നാലുമണിക്ക് ആരോഗ്യ പ്രവർത്തകരുടെ കലാ പരിപാടികളോടെ ആരംഭിക്കുന്ന സാംസ്കാരികോത്സവത്തിൽ അഞ്ചു മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോക്ടർ ആദർശ് സ്വൈഖ ഉദ്‌ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ പ്രത്യേക അതിഥിയായി ആസ്റ്റർ കേരള ക്ലസ്റ്റർ ഗ്രൂപ്പ് ക്രിട്ടിക്കൽ കെയർ ഡയറക്ടറും, നിപ്പ വൈറസിനെ തുടക്കത്തിലേ രോഗ നിർണ്ണയം നടത്തിയ ക്രിറ്റിക്കൽ കെയർ മെഡിസിൻ സ്പെഷ്യലിസ്റ്റും, കേരള ഗവർമെന്റിന്റെ മികച്ച ഡോക്ടർ അവാർഡ് ജേതാവും കൂടിയായ ഡോക്ടർ അനൂപ് കുമാർ A.S പങ്കെടുക്കുന്നുണ്ട്. കൂടാതെ മലയാളത്തിന്റെ പ്രിയഗായകരായ അൻവർ സാദത്ത്, ചിത്ര അരുണും സംഘവും അവതരിപ്പിക്കുന്ന ഗാന സന്ധ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്ക് കുവൈറ്റിലെ മുഴുവൻ മലയാളി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി കെ.എം.എഫ് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് ഗീത സുദർശൻ, ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ്, ട്രഷറർ ലിൻഡ സജി, ഹൃദ്യം ആഘോഷ കമ്മറ്റി ജനറൽ കൺവീനർ ജോർജ് ജോൺ , പ്രോഗ്രാം കൺവീനർ ലിജോ അടുക്കോലിൽ എന്നിവർ പങ്കെടുത്തു.