അഡ്വ. എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ ജനത കൾച്ചറൽ സെന്റർ ഓവർസീസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

0
38

കുവൈത്ത് സിറ്റി:  അഡ്വ. എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ ജനത കൾച്ചറൽ സെന്റർ ഓവർസീസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സൗമ്യനും ജനകീയനുമായ സോഷ്യലിസ്റ്റ് നേതാവാണ് അന്തരിച്ച അഡ്വ.എം.കെ.പ്രേംനാഥ്. സാധാരണക്കാരില്‍ ഒരാളായി ജീവിച്ച അദ്ദേഹം കറകളഞ്ഞ മതേതര വാദിയും മാതൃകാ സോഷ്യലിസ്റ്റുമാണ്. വേഷത്തിലും പെരുമാറ്റത്തിലും ലാളിത്യം മുഖമുദ്രയാക്കിയ പ്രേമേട്ടന്‍ ഏവരുടേയും ഹൃദയത്തിലിടം നേടി.

ഒട്ടേറെ ജനകീയ സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഏറെ ആവേശവും സ്‌നേഹവും പടര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിസ്വാര്‍ഥമായ രാഷ്ട്രീയ പ്രവര്‍ത്തനമായതിനാല്‍ നല്ല പിന്തുണയായിരുന്നു അദ്ദേഹത്തിന്.
മുന്‍പിന്‍ നോക്കാതെ സമരങ്ങളില്‍ ഇറങ്ങാനും പോരാടാനുമായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. അടിയന്തരാവസ്ഥക്കാലത്ത് യുവത്വത്തിന്റെ പോരാട്ടവും വീര്യവും കാഴ്ചവെക്കാന്‍ അദ്ദേഹം തയ്യാറായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയും പ്രാദേശിക വിഷയങ്ങളിലും സജീവ സമരം സാന്നിധ്യം ആയിരുന്നു. എംഎല്‍എ പദവി എല്ലാതരം പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹരിക്കാനുമുള്ള അവസരം കൂടിയാക്കിമാറ്റി. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പുസ്തകം രചിച്ചു. സ്വതന്ത്രഭൂമി എഡിറ്ററായിരുന്നു.
പാര്‍ട്ടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദം വരെ വഹിക്കാനായി. വിട പറയുമ്പോള്‍ എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റാണ് അദ്ദേഹം. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് പ്രേംനാഥ് തെരഞ്ഞെടുക്കപ്പെട്ടത്. വടകര ബാറിലെ അഭിഭാഷകനായിരുന്നു.
കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ജെസിസി ഓവർസീസ് കമ്മിറ്റി ഭാരവാഹികളായ പി ജി രാജേന്ദ്രൻ, നജീബ് കടലായി, അനിൽ കൊയിലാണ്ടി എന്നിവർ അനുശോചന കുറുപ്പിലൂടെ അറിയിച്ചു