ഇന്ത്യയിലെ 41 നയതന്ത്ര പ്രതിനിധികളെ കാനഡ പിൻവലിച്ചു

0
14

ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയതിനു പിന്നാലെ നയതന്ത്ര പ്രതിനിധികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റി ക്യാനഡ. ഒക്‌ടോബർ പത്തിനകം 41 നയതന്ത്ര പ്രതിനിധികളെ പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് നയതന്ത്ര ഉദ്യോഗസ്ഥരെ സിംഗപ്പുർ, മലേഷ്യ എന്നിവിടങ്ങളിലേക്കാണു മാറ്റുന്നത്.ഒക്‌ടോബർ 10 വരെയാണ് നയതന്ത്ര പ്രതിനിധികളെ പിൻവലിക്കാൻ ഇന്ത്യ ക്യാനഡയ്ക്ക് സമയം അനുവദിച്ചിരുന്നത്. ഈ സമയപരിധിക്ക് ശേഷം കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര പരിരക്ഷ ഉണ്ടാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തിരുന്നു.

 

ക്യാനഡയ്ക്ക് ഇന്ത്യയിൽ 62 നയതന്ത്ര പ്രതിനിധികളാണ് ഉള്ളത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിന്‍റെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

ഖലിസ്ഥാൻ വിഘടനവാദി ഗർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിനു പിന്നാലെ ഇന്ത്യ- ക്യാനഡ ബന്ധം വഷളായിരുന്നു. നിജ്ജറിന്‍റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞതിന് പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. തുടർന്ന് ക്യാനഡക്കാർക്ക് ഇന്ത്യ വീസ നൽകുന്നത് സെപ്റ്റംബർ 18 മുതൽ നിരോധിച്ചിരുന്നു.