ഫെബ്രുവരി 7 ബുധനാഴ്ച മുതൽ സന്ദർശന വിസകൾ അനുവദിക്കും

0
63

കുവൈറ്റ് സിറ്റി:  കുവൈറ്റിൽ  ഫെബ്രുവരി 7 ബുധനാഴ്ച മുതൽ സന്ദർശന വിസ അനുവദിക്കും.  മെറ്റ പ്ലാറ്റ്ഫോം വഴി മുൻകൂർ ബുക്കിംഗ് ചെയ്യാം.രാജ്യത്തെ വാണിജ്യ, സാമ്പത്തിക, ടൂറിസം പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഭാര്യ, മക്കൾ മാതാപിതാക്കൾ എന്നിവരെ വിസിറ്റ് വിസയിൽ കൊണ്ടുവരാൻ അപേക്ഷകന് 400 ദിനാർ അടിസ്ഥാന ശമ്പളം ഉണ്ടായിരിക്കണം. മറ്റു കുടുംബാംഗങ്ങൾക്ക് വിസിറ്റ് വിസക്കായി അപേക്ഷകന്റെ സാലറി 800 ദിനാറിൽ കുറയരുത് എന്നും നിബന്ധനയുണ്ട്.

ദേശീയ വിമാനക്കമ്പനിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു എയർലൈനിലാണ് റൗണ്ട് ട്രിപ്പിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.

വിസിറ്റിൽ വന്ന ശേഷം  റസിഡൻസ് പെർമിറ്റായി മാറ്റണമെന്ന് അപേക്ഷിക്കുകയില്ല എന്ന് എഴുതി നൽകണം.

സന്ദർശന വിസയിൽ വരുന്നവർക്കുള്ള ചികിത്സ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ആയിരിക്കും. സർക്കാർ സ്ഥാപനങ്ങളിൽ ഇവർക്ക് ചികിത്സയില്ല

സന്ദർശന വിസയിൽ വന്ന ശേഷം ആ വ്യക്തി തനിക്ക് അനുവദിച്ചിരിക്കുന്ന താമസ കാലയളവ് ലംഘിക്കുന്ന സാഹചര്യത്തിൽ, സന്ദർശകനെയും സ്പോൺസറെയും അന്വേഷണത്തിന് വിധേയമാക്കുകയും ഇരുവർക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ഇതോടൊപ്പം ടൂറിസ്റ്റ്, വാണിജ്യ അസന്ദര്ശന വിസകളും അനുവദിച്ചു തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു .