കുവൈറ്റ് സിറ്റി: സ്വകാര്യ പാർപ്പിട മേഖലകളിൽ വെള്ള ബിൽ കുടിശ്ശികയുള്ള പൗരന്മാർക്കുള്ള ജല വിതരണം വിച്ഛേദിക്കുന്നത് നിർത്തിവയ്ക്കാൻ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ ഡോ. സലേം അൽ ഹജ്‌റഫ് ഉത്തരവിട്ടു. വിശുദ്ധ റമദാൻ മാസത്തിൽ ഈ നടപടി വേണ്ട എന്നാണ് ഉത്തരവിൽ പറയുന്നത്. റമദാൻ ആരംഭിക്കുന്നതിന് മുമ്പ് ജലവിതരണം വിച്ഛേദിക്കപ്പെട്ട പൗരന്മാർ അവരുടെ കുടിശ്ശിക തീർപ്പാക്കുന്നതിനും ജലസേവനം പുനഃസ്ഥാപിക്കുന്നതിനുമായി ബന്ധപ്പെട്ട ഓഫീസിൽ ചെല്ലണം എന്നും അധികൃതർ വ്യക്തമാക്കി.
കുടിശ്ശിക വരുത്തുന്നവർക്കുള്ള ജലവിതരണം വിച്ഛേദിക്കുന്നത് ഉപയോക്താക്കളിൽ നിന്ന് ലഭിക്കാനുള്ള പണം ഈടാക്കാനുള്ള വൈദ്യുതി-ജല മന്ത്രാലയത്തിൻ്റെ നടപടികളുടെ ഭാഗമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. നടപ്പു സാമ്പത്തിക വർഷം ഇതുവരെ 435 ദശലക്ഷം ദിനാർ ഇത്തരത്തിൽ സമാഹരിച്ചതായി അവർ പറഞ്ഞു.