വിദേശ തൊഴിലാളി റിക്രൂട്ട്മെൻ്റ്; വ്യവസ്ഥകളിൽ അയവ് വരുത്തി

0
63

കുവൈറ്റ് സിറ്റി:  വിദേശത്ത് നിന്ന് പുതുതായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വ്യവസ്ഥകളിൽ അയവ് വരുത്തി. പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യുസുഫിന്റെ അധ്യക്ഷതയിൽ  ചേർന്ന മാനവ ശേഷി സമിതിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. കമ്പനികൾക്കും തൊഴിലുടമകൾക്കും ആവശ്യമായത്ര തൊഴിലാളികളെ രാജ്യത്തിന് പുറത്തുനിന്ന് കൊണ്ടുവരാൻ ഇത് അനുമതി നൽകുന്നു. 2024 ജൂൺ ഒന്ന് മുതൽക്കാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും.

തൊഴിലാളിയുടെ വർക്ക് പെർമിറ്റിന് ആദ്യ തവണ 150 ദീനാറാണ് ഈടാക്കുക. മാത്രമല്ല പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികളെ ആദ്യ കമ്പനിയിൽ മൂന്നു വര്ഷം പൂർത്തിയാക്കിയതിന് ശേഷം തൊഴിലുടമയുടെ സമ്മതത്തോടെ മറ്റ് കമ്പനികളിലേക്ക് വിസ മാറാൻ അനുവദിക്കുകയുള്ളൂ .  300 ദീനാർ ഫീസ് ഇങ്ങനെ വിസ മാറുന്നതിന്  നല്കുകുകയും വേണം .

നേരത്തെ  ആവശ്യമായ തൊഴിലാളികളുടെ എണ്ണത്തിൽ ചെറിയൊരു ശതമാനം പേരെ മാത്രമേ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യാൻ അനുവദിച്ചിരുന്നുള്ളൂ. ബാക്കി തൊഴിലാളികളെ രാജ്യത്തിനകത്തുനിന്ന് തന്നെ വിസ മാറ്റം നടത്തണ മെന്നതായിരുന്നു നിയമം .ഇത് തൊഴിലാളികളെ ലഭ്യമാക്കുന്നതിനുള്ള ചെലവ് വർധിക്കാൻ കാരണമായി.

ഇതു മൂലം പല സ്ഥാപനങ്ങളും പരിമിതമായ തൊഴിലാളികളെവെച്ച് പ്രവർത്തിക്കാൻ നിര്ബന്ധിതരാവുകയും അതുവഴി സംരംഭങ്ങളുടെ വളർച്ചയിൽ ഇടിവുണ്ടാകുവാൻ കാരണമായതായും പരാതി ഉയർന്നിരുന്നു. . തൊഴിലുടമകൾ അനുഭവിക്കുന്ന ഇത്തരം പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്ന് മാനവ ശേഷി സമിതി അധികൃതർ വിശദീകരിച്ചു .