ഇസ്രായേൽ നരവേട്ട അവസാനിപ്പിക്കുക: കുവൈത്ത് കെ.എം.സി.സി

0
19

കുവൈത്ത് സിറ്റി: സ്വന്തം രാജ്യത്ത് ആത്മാഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി ഐക്യ ദാർഢ്യം രേഖപ്പെടുത്തി. ഇസ്രായേൽ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന സയണിസ്റ്റ് നരവേട്ടയിൽ ശക്തമായി അപലപിക്കുകയും പ്രധിഷേധിക്കുകയും ചെയ്യുന്നതായി കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ,ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഗഫുർ വയനാട്. ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

ആശുപത്രികള്‍ക്കും അഭയാർത്ഥി ക്യാമ്പുകൾക്കും നേരെ വരെ ഇസ്രായേൽ നടത്തുന്ന ബോംബാക്രമണത്തിൽ മരിച്ചു വീഴുന്നതിലധികവും പിഞ്ചു കുട്ടികളും സ്ത്രീകളുമടങ്ങുന്ന സാധാരണക്കാരാണ്. അന്താരാഷ്ട്ര യുദ്ധ നിയമങ്ങൾ പോലും ലംഘിച്ച് ഒരു ജനതയെ ഒന്നാകെ ഉന്മൂലനം ചെയ്യാനുള്ള ഇസ്രായേല്‍ ഭരണകൂടത്തിന്റെ ക്രൂരതക്കെതിരെ ശക്തമായി പ്രതികരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ലോക രാഷ്ട്രങ്ങൾ അടിയന്തരമായി ഇടപെടണമെന്നും ഫലസ്തീന്‍ ജനതയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും നേതാക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു.