പ്രവാസികള്‍ക്ക് നല്‍കിയ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും പരിശോധിക്കും

0
28

കുവൈറ്റ് സിറ്റി: കഴിഞ്ഞ വർഷങ്ങളിൽ എല്ലാം പ്രവാസികള്‍ക്ക് അനുവദിച്ച മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം. അനധികൃത മാര്‍ഗങ്ങളിലൂടെ വിദേശികള്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ആറ് ഗവര്‍ണറേറ്റുകളിലെയും ട്രാഫിക് വകുപ്പുകളുടെ ലൈസന്‍സ് സംബന്ധമായ പഴയ കാലത്തെ ഇലക്ട്രോണിക് ഫയലുകള്‍ പരിശോധിച്ച് ഉറപ്പുവരുത്താനാണ് ഉത്തരവ്. മതിയായ യോഗ്യതയില്ലാത്തവര്‍ അനധികൃത മാര്‍ഗങ്ങളിലൂടെ വ്യാപകമായി ലൈസന്‍സ് സമ്പാദിച്ചതായി സൂചന ലഭിച്ചിരുന്നു.

പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്യുകയും കുറഞ്ഞത് 600 ദിനാര്‍ ശമ്പളവും വേണമെന്നാണ് രാജ്യത്തെ നിയമം. ഇതു കൂടാതെ ബിരുദവും ആവശ്യമാണ്. യോഗ്യതയില്ലാത്തവര്‍ നേടിയ ഡ്രൈവിങ് ലൈസന്‍സുകള്‍ ആറ് ഗവര്‍ണറേറ്റുകളിലും റദ്ദ് ചെയ്‌തേക്കും. ഡ്രൈവിങ് ലൈസന്‍സുകള്‍ മരവിപ്പിച്ച ശേഷം പ്രവാസികളുടെ എല്ലാ ഡ്രൈവിങ് ലൈസന്‍സുകളും പരിശോധിക്കാനാണ് നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അഡ്മിനിസ്‌ട്രേഷന് സറണ്ടര്‍ ചെയ്ത ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.