കുവൈറ്റ് സിറ്റി: പൊതു സുരക്ഷാ വിഭാഗം വിവിധ പ്രദേശങ്ങളിൽ സുരക്ഷാ പരിശോധനകളും പട്രോളിംഗും കർശനമായി തുടരുകയാണ്. മദ്യവും മയക്കുമരനുമായി ബന്ധപ്പെട്ട കേസുകളിൽ സുരക്ഷാ വകുപ്പുകൾ വിവിധ രാജ്യക്കാരായ 21 പ്രവാസികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവരിൽ രണ്ട് വ്യക്തികളുടെ കൈവശം നിരോധിത മെഡിക്കൽ സാമഗ്രികളും ഇറക്കുമതി ചെയ്ത മദ്യം, മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയും കണ്ടെടുത്തതായി പ്രാദേശികമാധ്യമം റിപ്പോർട്ട് ചെയ്തു. മംഗഫ് മേഖലയിൽ മദ്യ നിർമ്മാണം നടത്തിയ ഏഷ്യൻ വംശജരായ 6 പ്രവാസികളെയും ഉദ്യോഗസ്ഥർ പിടികൂടി. ഇവരുടെ കേന്ദ്രം റെയ്ഡ് ചെയ്തതിൽ നിന്നും മദ്യവും വാറ്റിയെടുക്കൽ ഉപകരണങ്ങളും 25 ബാരലുകളും കണ്ടെടുത്തു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.