കുവൈറ്റ് സിറ്റി: അറേബ്യന്‍ ഗള്‍ഫില്‍ സ്ഥിതിചെയ്യുന്ന അല്‍ ദുര്‍റ പ്രകൃതിവാതക-എണ്ണപ്പാടത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കം പുതിയ തലത്തിലേക്ക്. കുവൈറ്റ്, സൗദി അറേബ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ തീരങ്ങളില്‍ തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന എണ്ണപ്പാടം 2029ഓടെ പൂര്‍ണമായി കമ്മീഷന്‍ ചെയ്യുമെന്ന് കുവൈറ്റ് പ്രഖ്യാപിച്ചു. കുവൈറ്റ് പെട്രോളിയം ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഇന്നലെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അല്‍ ദുര്‍റ എണ്ണപ്പാടം പൂര്‍ണമായി കമ്മീഷന്‍ ചെയ്യാനുള്ള കുവൈറ്റിന്റെ താല്‍പര്യം ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയെങ്കിലും ഇതിനോട് സൗദിയും ഇറാനും ഉടനടി പ്രതികരിച്ചിട്ടില്ല. ഫീല്‍ഡില്‍ നിന്നുള്ള വരുമാനത്തിന് പതിറ്റാണ്ടുകളായി അവകാശവാദം ഉയര്‍ത്തുന്ന ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
1960കള്‍ മുതല്‍ അല്‍ ദുര്‍റ ഫീല്‍ഡിനെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ മാര്‍ച്ച് 21ന് സൗദിയും കുവൈറ്റും പ്രകൃതിവിഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന് കരാര്‍ ഒപ്പുവച്ചതോടെയാണ് തര്‍ക്കം വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചത്. കരാര്‍ നിയമവിരുദ്ധമാണെന്ന് പ്രസ്താവിച്ച ഇറാന്‍ ഉടമസ്ഥാവകാശം ഉന്നയിക്കുകയും ചെയ്തിരുന്നു. സംയുക്ത അരാഷ് ഓയില്‍ ഫീല്‍ഡില്‍ ഡ്രില്ലിങ് ആരംഭിക്കാന്‍ പൂര്‍ണമായ ഒരുക്കങ്ങള്‍ നടത്തിയതായി നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ മൊഹ്‌സെന്‍ ഖോജാസ്‌തെമെഹര്‍ ആണ് പ്രസ്താവിച്ചത്. ഈ മേഖലയുടെ വികസന പദ്ധതി നടപ്പാക്കുന്നതിന് ഇറാന്‍ ഭരണകൂടം ആവശ്യമായ ഫണ്ട് അനുവദിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.