വേഗ പരിധി ലംഘിച്ചാൽ  3 മാസം തടവും 500 ദിനാർ വരെ പിഴയും, ട്രാഫിക് നിയമ ഭേദഗതികൾക്ക് അന്തിമരൂപമായി

0
22

കുവൈറ്റ് സിറ്റി: വിവിധ നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിക്കുന്നതിനുള്ള ട്രാഫിക് നിയമത്തിലെ ഭേദഗതികൾക്ക് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അന്തിമരൂപം നൽകി. അന്തിമ ഡ്രാഫ്റ്റ് അനുസരിച്ച്, നിയമപരമായ വേഗ പരിധി ലംഘിച്ചാൽ  3 മാസം തടവും 500 ദിനാർ വരെ പിഴയും ലഭിക്കും.ഡ്രൈവിങ്ങിനിടെ കയ്യിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് 3 മാസം തടവും 300 ദിനാർ പിഴയും ലഭിക്കും. മറ്റ് പല നിയമലംഘനങ്ങൾക്കുള്ള പിഴയും അന്തിമ ഡ്രാഫ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. വാഹനത്തിൻറെ ചില്ലുകളിൽ  ഫിലിം ഒട്ടിച്ചാൽ രണ്ടുമാസം തടവും 200 ദിനാർ വരെ പിഴയുമാണ് ശിക്ഷ. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ വാഹനത്തിൻറെ വിൻഡോയിലൂടെയോ മുകൾഭാഗത്ത് കൂടെയോ  പുറത്തേക്ക് നിൽക്കാൻ അനുവദിച്ച് വാഹനമോടിക്കുന്നവർക്ക് 75 ദിനാർ പിഴ ചുമത്തും.10 വയസ്സിന് താഴെയുള്ള കുട്ടിയെ മുൻ സീറ്റിൽ ഇരുത്തി വാഹനമോടിക്കുന്നവർക്ക് 100 മുതൽ 200 ദിനാർ വരെ പിഴ ചുമത്തും.പെർമിറ്റ് വാങ്ങാതെ, സ്വകാര്യ കാറിൽ ഫീസ് ഈടാക്കി യാത്രക്കാരെ കയറ്റിയാൽ 200 മുതൽ 500 ദിനാർ വരെ പിഴ ചുമത്തും.

ഡ്രാഫ്റ്റ് അനുസരിച്ച്, മദ്യപിച്ച് വാഹനമോടിക്കുക,  വാഹന റെസിങ് നടത്തുക, മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗത പരിധി കവിയുക,  ലൈസൻസ് ഇല്ലാതിരിക്കുക, , ചുവന്ന ലൈറ്റ് മുറിച്ചുകടക്കുക, നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്ന ആരെയും  പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാം .