കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി മാധ്യമ പ്രവർത്തകരുടെ പൊതുവേദിയായ കേരള പ്രസ്സ് ക്ലബ്ബ് കുവൈത്ത് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മാധ്യമ സമ്മേളനം ഡിസംബർ 15 വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യയിലെ മുതിർന്ന മാധ്യമപ്രവർത്തകനും , ചലച്ചിത്രകാരനുമായ ശശികുമാർ ആണ് പരിപാടിയിലെ മുഖ്യാതിഥി, മനോരമ ന്യൂസ് ചാനലിലെ സീനിയർ ന്യൂസ് പ്രൊഡ്യൂസർ ഷാനി പ്രഭാകരനും മാധ്യമ സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രസ്സ് ക്ലബ്ബ് സ്ഥാപക അംഗവും ഫോട്ടോ ജേർണലിസ്റ്റുമായിരുന്ന അന്തരിച്ച ഗഫൂർ മൂടാടിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ‘പ്രസ്സ് ഫോട്ടോ അവാർഡ്’ ജേതാവിനെയും ചടങ്ങിൽ വെച്ച് പ്രഖ്യാപിക്കും. ചലച്ചിത്ര പിന്നണി ഗായിക പുഷ്‌പാവതിയും സംഘവും അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും മാധ്യമസമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറും.
കുവൈത്തിലെ മുഴുവൻ മലയാളിസുഹൃത്തുക്കളെയും മാധ്യമസമ്മളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പറഞ്ഞു . വാർത്താസമ്മേനത്തിൽ പ്രസിഡണ്ട് മുനീർ അഹമ്മദ്, ജനറൽ സെക്രട്ടറി ടി. വി ഹിക്മത്ത്, ട്രഷറർ അനിൽ കെ നമ്പ്യാർ, പ്രോഗ്രാം കൺവീനർ സത്താർ കുന്നിൽ, കൃഷ്ണൻ കടലുണ്ടി എന്നിവർ പങ്കെടുത്തു