കുവൈറ്റ് സിറ്റി: ഇന്ത്യ ഗവൺമെന്റിന്റെ പ്രവാസി ഭാരതീയ ബീമാ യോജന (പിബിബിവൈ) ഇൻഷുറൻസ് പദ്ധതിയിൽ എൻറോൾ ചെയ്ത ഇന്ത്യക്കാരായ പ്രവാസികൾക്ക് നിരവധി ആനുകൂല്യങ്ങളാണ് ഇതുവഴി ലഭിക്കുന്നത്. ഇവർക്ക് പരിക്കുകൾ, രോഗങ്ങൾ എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാൻ ആകും ( ഓരോ ആശുപത്രിയിലും 50,000 രൂപയുടെ പരിധി), ഈ സ്കീമിൽ ഉള്ള വ്യക്തിക്ക് അപകട മരണമോ സ്ഥിരമായ വൈകല്യമോ ഉണ്ടായാൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കും. ആരോഗ്യപരമായ കാരണങ്ങളാൽ തൊഴിലെടുക്കാൻ അയോഗ്യരായ അല്ലെങ്കിൽ അപ്രതീക്ഷിതമായി ജോലി അവസാനിപ്പിക്കുന്നവർക്ക് സ്വദേശത്ത് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വൺ-വേ ഇക്കണോമി ക്ലാസ് വിമാനക്കൂലി നൽകാനും ഇതിൽ വ്യവസ്ഥയുണ്ട്.
ഇതുകൂടാതെ, സ്കീമിന്റെ ഗുണഭോക്താവായ ആളുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് 21 വയസ്സ് വരെയുള്ള ആദ്യത്തെ രണ്ട് കുട്ടികൾക്കും ആശുപത്രി വാസം വേണ്ടിവരുന്ന സാഹചര്യത്തിൽ 50,000 രൂപ വരെ അനുവദിക്കും, പ്രവാസികളായ സ്ത്രീകൾക്ക് 50,000 രൂപ വരെ പ്രസവച്ചെലവ് ആനുകൂല്യം, തൊഴിൽ പരാതികൾക്കോ തർക്കങ്ങൾക്കോ ഉള്ള നിയമ ചെലവിന് 30,000 രൂപ എന്നിങ്ങനെയും ലഭിക്കും.
നാമമാത്രമായ ഇൻഷുറൻസ് പ്രീമിയം ആണ് ഇതിന് നൽകേണ്ടത്. രണ്ട് വർഷത്തേക്ക് 275 രൂപയും. മൂന്ന് വർഷത്തേക്ക് 375രൂപയും. 2/3 വർഷത്തെ പ്രാരംഭ കാലയളവിന് ശേഷം PBBY പോളിസി ഓൺലൈനിൽ സൗകര്യപ്രദമായി പുതുക്കാൻ കഴിയും, തൊഴിലുടമയുടെ അല്ലെങ്കിൽ ഇൻഷ്വർ ചെയ്ത വ്യക്തിയുടെ സ്ഥാനമാറ്റത്തിന്റെ കാര്യത്തിൽ പോലും സാധുത നിലനിൽക്കുന്നു.
എമിഗ്രേഷൻ ക്ലിയറൻസ് റിക്വയേർഡ് (ECR) വിഭാഗ പാസ്‌പോർട്ടുകൾ കൈവശമുള്ള ബ്ലൂ കോളർ തൊഴിലാളികൾക്കായി ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കിയ നിർബന്ധിത ഇൻഷുറൻസ് പ്രോഗ്രാമാണ് PBBY. നഴ്സിംഗ് സ്റ്റാഫും ഇതിൽ ഉൾപ്പെടും. കുവൈറ്റ് ഉൾപ്പെടെ 17 വിദേശ രാജ്യങ്ങളിൽ ജോലി ഏറ്റെടുക്കുന്നതിന് മുമ്പ് ഈ വിഭാഗം പാസ്‌പോർട്ട് ഉടമകൾക്ക് ഇന്ത്യൻ അധികൃതരിൽ നിന്ന് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമാണ്. കൂടാതെ, നോൺ-ഇസിആർ പാസ്‌പോർട്ട് ഉടമകൾക്കും പിബിബിവൈ തിരഞ്ഞെടുക്കാം.
കുവൈത്തിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ PBBY പദ്ധതിയുടെ വിവിധ നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്.