അടുത്ത മാസത്തോടെ കുവൈറ്റില്‍ ഫാമിലി വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ട്

0
53

കുവൈറ്റ് സിറ്റി:  ഫാമിലി വിസകള്‍ വീണ്ടും അനുവദിക്കാനുള്ള നടപടികൾ ആരംഭിക്കും എന്ന് റിപ്പോർട്ട്. ആര്‍ട്ടിക്കിള്‍ 22 വിസകള്‍ അഥവാ കുടുംബ-ആശ്രിത വിസകള്‍ 2024 ന്‍റെ തുടക്കത്തില്‍ തന്നെ അനുവദിക്കാനാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനമെന്ന് പ്രാദേശിക അറബി ദിനപ്പത്ര  റിപ്പോര്‍ട്ട് ചെയ്തു.  എന്നാല്‍,  ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ല.

നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഫാമിലി വിസ അനുവദിക്കാനാണ് മന്ത്രാലയം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍, യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, കൗണ്‍സലര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രത്യേക വിഭാഗത്തിലുള്ള പ്രവാസികള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തുമെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കുവൈറ്റിലേക്ക് കുടുംബങ്ങളെ കൊണ്ടുവരാന്‍ അനുവദിക്കപ്പെടുന്ന പ്രവാസി വിഭാഗങ്ങള്‍ക്കുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും നിശ്ചയിക്കാന്‍ മന്ത്രാലയം ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.