കുവൈറ്റ് സിറ്റി: കുവൈറ്റിലെ കാനഡ എംബസി, ബ്രിട്ടീഷ് എംബസി, യുണൈറ്റഡ് നേഷൻ, യുഎൻഡിപി, മറ്റ് യുഎൻ ഏജൻസികൾ എന്നിവയുമായി സഹകരിച്ച്, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലൈമറ്റ് ആക്ഷൻ: കാലാവസ്ഥാ നയതന്ത്രവും കാലാവസ്ഥാ നീതിയും എന്ന വിഷയത്തിൽ “യംഗ് അംബാസഡേഴ്സ്” സീസൺ 2 ആരംഭിച്ചു. ബുധനാഴ്ച മിഷ്രെഫിലെ യുഎൻ ഹൗസിൽ ആരംഭിച്ച പരിപാടിയിലേക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ (ഐസിഎസ്കെ) നിന്ന് അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികളെയും തിരഞ്ഞെടുത്തു.
ഐസിഎസ്‌കെയിലെ വിദ്യാർത്ഥികളായ നദീം ഇസ്മയിൽ, രോഹൻ തോമസ്, ഗ്രേസ് എബ്രഹാം, ഹന്ന സക്കറിയ, ലക്ഷിത കാർത്തികേയൻ എന്നിവരാണ് ഈ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ. ഇവരെ കൂടാതെ അമേരിക്കൻ ഇന്റർനാഷണൽ സ്‌കൂളിലെ (എഐഎസ്) മറ്റ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികളായ അഖിൽ, അരുൺ, യശസ്‌വേൻ ബാസ്‌കർ എന്നിവരും ഈ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിടുണ്ട്.