കുവൈറ്റ് സിറ്റി: പ്രവാസികൾക്കുള്ള ഫാമിലി വിസ നിരോധനം പ്രതികൂലമായി ബാധിച്ചതിനെ കുറിച്ച് സ്വകാര്യ മേഖലയിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതായി പാർലമെന്റേറിയനും ബിസിനസ് എൻവയോൺമെന്റ് മെച്ചപ്പെടുത്തുന്നതിനുള്ള കമ്മിറ്റി ചെയർമാനുമായ അബ്ദുൾ വഹാബ് അൽ ഈസ പറഞ്ഞു. പ്രവാസികൾക്കുള്ള ഫാമിലി വിസ നിർത്തലാക്കാനുള്ള തീരുമാനത്തിന് ശേഷം യോഗ്യരായ ചുരുക്കം ചിലർ മാത്രമാണ് രാജ്യത്ത് അവശേഷിക്കുന്നത്. ഭാര്യയെയും മക്കളെയും കൂടാതെ ഇവിടെ തുടരാൻ തയ്യാറല്ലാത്തതിനാൽ പുതുതായി വന്ന യോഗ്യതയുള്ളവരെല്ലാം മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് പോകുകയാണ് എന്ന് അദ്ദേഹം പറഞ്ഞതായി പ്രാദേശിക പതരം റിപ്പോർട്ട് ചെയ്തു. ഫാമിലി വിസ നിരോധനം സ്വകാര്യ മേഖലയിലും ചെറുകിട പദ്ധതികളിലും പൊതുവിപണിയിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. സമ്പൂർണ റിപ്പോർട്ട് അടുത്ത പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തി കൗൺസിലിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.