കുവൈറ്റ് സിറ്റി: ഉത്പന്നങ്ങളുടെ വില നിലവാരം അടക്കമുള്ള കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനും നിശ്ചയിക്കുന്നതിനും ആയുള്ള കുവൈത്ത് വാഞ്ചി വ്യവസായ മന്ത്രാലയത്തിൻ്റെ സാങ്കേതിക സംഘം അടുത്തിടെ സഹകരണ സംഘങ്ങളിൽ പരിശോധന നടത്തിയിരുന്നു. 39 ഭക്ഷ്യോത്പന്നങ്ങളുടെ വില മന്ത്രാലയത്തിന്റെ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തതിന് തുല്യമാണെന്ന് ഉറപ്പാക്കാൻ ആയിരുന്നു ഇത്. കൂടാതെ, റമദാൻ ഉൽപന്നങ്ങളുടെ വില നിരീക്ഷിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിന് ഭരണപരമായ തീരുമാനം മന്ത്രാലയം അണ്ടർ സെക്രട്ടറി സിയാദ് അൽ നജീം ഉടൻ പുറപ്പെടുവിക്കും.ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി റമദാനിനോട് അനുബന്ധിച്ച് വർഷം തോറും ഈ കമ്മിറ്റി രൂപീകരിക്കാറുണ്ട്. വിപണിയിലെ നിയമലംഘനങ്ങൾ സംബന്ധിച്ച് ഹോട്ട്‌ലൈൻ നമ്പർ 135, വാട്ട്‌സ്ആപ്പ് നമ്പർ 55135135, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ വാണിജ്യ കേന്ദ്രങ്ങൾ എന്നിവയിലൂടെ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.