കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം പ്രവാസികൾക്കായി നിർദ്ദേശിക്കുന്ന മരുന്നുകളുടെ ഫീസ് വർദ്ധനക്ക് ശേഷം പൊതു ക്ലിനിക്കുകളും ആശുപത്രികളും സന്ദർശിക്കുന്ന പ്രവാസികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചില പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പ്രവാസികളുടെ സന്ദർശനത്തിൽ 60 ശതമാനം വരെ കുറവ് വന്നതായാണ് പറയുന്നത്.
സർക്കാർ തീരുമാനം പുറപ്പെടുവിച്ച ദിവസം, പ്രതിദിനം 1,200 രോഗികളെ സേവിച്ചിരുന്ന ചില ക്ലിനിക്കുകളിൽ സന്ദർശകരുടെ എണ്ണം 50% മായി കുറഞ്ഞു; നിലവിൽ ഇവിടെ 400 നുള്ളിൽ രോഗികൾ മാത്രമാണ് വരുന്നത്.ഇതിൽ 100 ഓളം പേർ മെഡിക്കൽ പരിശോധനയ്ക്ക് രജിസ്റ്റർ ചെയ്തെങ്കിലും നിർദ്ദേശിച്ച മരുന്നുകൾ സ്വീകരിച്ചില്ല.
പ്രമേഹ ക്ലിനിക്കുകളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ കാര്യമായ മാറ്റമുണ്ടായില്ല. സർക്കാർ തീരുമാനത്തിന്റെ ആഘാതം വിലയിരുത്താൻ ഇനിയും സമയം ആവശ്യമുള്ളതായി ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു, പ്രത്യേകിച്ച് ആശുപത്രികളിൽ, തീരുമാനം നടപ്പാക്കുന്നതിന് മുമ്പും ശേഷവും എത്ര രോഗികളെ ചികിത്സിച്ചുവെന്ന് നിർണ്ണയിക്കാൻ സമഗ്രമായ പഠനം നടത്തേണ്ടതുണ്ട് എന്നും അവർ വ്യക്തമാക്കി