നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹം നടന്ന മണ്ഡപത്തിലെത്തി പ്രധാനമന്ത്രി വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡലത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ എട്ടേ മുക്കാലോടെ തന്നെ വിവാഹചടങ്ങ് ആരംഭിച്ചു. ഇലക്ട്രിക് കാറിലാണ് മോദി ക്ഷേത്രത്തിലെത്തിയത്. ശേഷം ശ്രീവത്സം ഗസ്റ്റ് ഹൌസിലേക്ക് പോയി. ഏകദേശം 2 മണിക്കൂറോളം പ്രധാനമന്ത്രി ഗുരുവായുരിൽ ചിലവഴിച്ചു. കനത്ത സുരക്ഷയിലാണ് ക്ഷേത്രം.
അതേസമയം, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഖുഷ്ബു തുടങ്ങി നിരവധി താരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. ഇന്നലെ വധുവിന്റെ വീട്ടില്‍ ആശംസ നേരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബ സമേതം എത്തിയിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹശേഷം അദ്ദേഹം തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തും. രാവിലെ 10.10 ന് പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തും. പിന്നീട് 12 മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി ഷിപ്പ്‌യാര്‍ഡിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നരയോടെ മറൈൻ ഡ്രൈവിൽ ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകിട്ടോടെ ന്യൂഡൽഹിക്ക് മടങ്ങും എന്നിങ്ങനെയാണ് നിലവിൽ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ഗുരുവായൂരപ്പന്‍റെ ദാരുശിൽപം സമർപ്പിച്ചു. താമര മുട്ടുകൾ കൊണ്ട് തുലാഭാരം നടത്തി. കേരളീയ വേഷത്തിൽ ഗുരുവായൂർ അമ്പലത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത്. ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി വിശ്രമത്തിനുശേഷമാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്