.സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവർത്തനങ്ങളിൽ പ്രവാസികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളികൾ ഇല്ലാത്ത ഒരിടവും ലോകത്തില്ല എന്നും മലയാളിയുടെത് ഗ്ലോബൽ ഫൂട് പ്രിന്റാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തിരുവല്ലയിൽ നടക്കുന്ന ആഗോള മലയാളി പ്രവാസി സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്താകെയുള്ള മലയാളികൾ ശ്രദ്ധിക്കുന്നു എന്നതാണ് കോൺക്ലേവിന്റെ പ്രത്യേകത. മലയാളികളുടെ പ്രവാസ ജീവിതം ഏറെ കാലങ്ങൾക്കു മുമ്പേ ആരംഭിച്ചതാണ്. മലയാളികൾ ഇല്ലാത്ത ഒരിടവും ലോകത്തില്ല എന്ന അവസ്ഥ വന്നുകഴിഞ്ഞു. ഇതാണ് മലയാളിയുടെ ഇന്നത്തെ ഗ്ലോബൽ ഫുട്പ്രിന്റ്. സംസ്ഥാനത്തിന്റെ വികസനത്തിൽ പ്രവാസികളുടെയും പ്രവാസി നിക്ഷേപകരുടെയും വലിയ പങ്കുണ്ട്. 2018ലെ കണക്ക് പ്രകാരം പുറം നാടുകളിലേക്ക് കുടിയറിയ പ്രവാസികളുടെ എണ്ണം 21, 20000 ആണ്.
മലയാളികൾ തിങ്ങിപ്പാർക്കുന്ന ഒട്ടേറെ രാജ്യങ്ങളുണ്ട്, വിശേഷിച്ച് ഗൾഫ് രാജ്യങ്ങൾ. അരക്കോടിയിലധികം കേരളീയർ കേരളത്തിന് പുറത്തുണ്ട് എന്നതാണ് വസ്തുത. ഇതിൽ വിദ്യാർഥികളും തൊഴിലാളികളും കലാപ്രവർത്തകരും സംരംഭകരും ഒക്കെ ഉൾപ്പെടുന്നു. ഒരു തരത്തിൽ വിശ്വ കേരള കൂട്ടായ്മയാണിത്. ഇതിനെ നാടിന്റെ നന്മയ്ക്ക് എങ്ങനെ ഉപയോഗിക്കാം എന്നാണ് സർക്കാർ പരിശോധിക്കുന്നത്.
പ്രവാസികളായ കേരളീയരുടെ എല്ലാ നല്ല ഉദ്യമങ്ങൾക്കും ശക്തി പകരാൻ സർക്കാരിന് കഴിയും. ഇത് ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ചർച്ചകൾ നടക്കുന്ന എല്ലാ വേദികളിലും പ്രവാസികളുടെ സാന്നിധ്യം ഉറപ്പുവരുത്തണം. കേരളം വിശ്വകേരളമായി മാറി എന്ന തിരിച്ചറിവാണ് ലോക കേരള സഭയുടെ രൂപീകരണത്തിന് പിന്നിൽ. പ്രവാസികൾക്കും അവരുടെ അഭിപ്രായങ്ങൾ പറയാനും പ്രശ്നങ്ങൾ ചർച്ച ചെയ്യാനുമുള്ള വേദി കൂടെയാണ് കേരള സഭ. ഇത് രാജ്യത്ത് മറ്റൊരിടത്തുമില്ല. കേരളത്തിന്റെ ഭാവി പദ്ധതികളിൽ പ്രവാസികളുടെ അഭിപ്രായം രേഖപ്പെടുത്താൻ ലോകകേരള സഭ വേദിയൊരുക്കി. പ്രവാസി വനിതാ സെൽ, പ്രവാസി ക്ഷേമ വികസന സഹകരണ സംഘം എന്നിവ യാഥാർഥ്യമാക്കാനായി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം നാടിനാകെ ബോധ്യപ്പെട്ടു. ഏത് വെല്ലുവിളിയെയും അതിജീവിച്ചേ മതിയാകൂ. അതിനുള്ള നിശ്ചയദാർഢ്യം നമുക്ക് വേണമെന്നും നാടിന്റെ ഒരുമയും ഐക്യവുമാണ് നമ്മുടെ കരുത്ത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി സംഘടനകൾ രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിനായി പ്രവർത്തിക്കുന്നത് മാതൃകാപരവും സന്തോഷകരവും ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു