അവസാന ഭാഗം മാത്രം വായിച്ചു, നയപ്രഖ്യാപന പ്രസംഗം ഒന്നര മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ

arif muhammed khan

ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗം ഒന്നര മിനിറ്റുകൊണ്ട് അവസാനിച്ചു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച ഗവർണർ, ഒരു മിനിറ്റ് 17 സെക്കന്റുകൾ കൊണ്ട് പ്രസംഗം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

കേന്ദ്രസർക്കാരിനെതിരെയുള്ള രൂക്ഷ വിമർശങ്ങൾ ഉൾക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവർണർ വായിക്കാതെ ഒഴിവാക്കി. ഇതിന് പിന്നാലെ സ്പീക്കർ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു. ഒരു മിനിറ്റ് 17 സെക്കന്റുകൾ കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനഭാഗം മാത്രം വായിക്കാൻ ഗവർണർ വിനിയോഗിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണറെ നിയമസഭയിൽ സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും മുഖത്ത് പോലും ഗവർണർ നോക്കിയില്ല. സഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് പോലും സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇരുവരുടേയും ശരീരഭാഷയിൽ പ്രകടമായിരുന്നു.