ഫാമിലി വിസ; 2000ത്തോളം അപേക്ഷകളിൽ വ്യവസ്ഥകൾ പാലിച്ചത് ഏകദേശം 500 മാത്രം ; 8 രാജ്യക്കാർക്കു ഫാമിലി വിസ നൽകില്ല

0
57

കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ അനുവദിച്ചുകൊണ്ടുള്ള മന്ത്രിതല തീരുമാനം നടപ്പിലാക്കിയതിൻ്റെ ആദ്യ ദിവസം, ആറ് ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്‌സ് വകുപ്പുകൾക്ക് ഏകദേശം 2,000 അപേക്ഷകർ ലഭിച്ചു, അതിൽ 500 ഓളം അപേക്ഷകൾ മാത്രമാണ്  ആവശ്യമായ വ്യവസ്ഥകൾ പാലിച്ചു കൊണ്ടുള്ളതെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം ഇറാഖി, സിറിയൻ, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാനിയൻ, യെമനി, സുഡാനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്‌മെൻ്റിന് ഇതുവരെ നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല. ഈ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾ നിലവിൽ തടഞ്ഞുവച്ചിരിക്കുകയാണ്.

കുടുംബ വിസ പ്രകാരം അപേക്ഷകരുടെ പങ്കാളികളെയും  14 വയസ്സിന് താഴെയുള്ള കുട്ടികളെയും കൊണ്ടുവരാൻ മാത്രമാണ് അനുവദിക്കുന്നത് .  മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സ്പോൺസർഷിപ്പ് അനുവദിക്കുന്നില്ല എന്നും അധികൃതർ വ്യക്തമാക്കി.

വർക്ക് പെർമിറ്റിൽ കുറഞ്ഞത് 800 KD ശമ്പളവും അവർ ജോലി ചെയ്യുന്ന അതേ മേഖലയിൽ യൂണിവേഴ്സിറ്റി ബിരുദവും ഉണ്ടായിരിക്കണം എന്നതാണ് ഫാമിലി വിസ ലഭിക്കുന്നതിനുള്ള വ്യവസ്ഥ. യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റ് അപേക്ഷകൻ്റെ നാട്ടിലെ കുവൈറ്റ് എംബസി സാക്ഷ്യപ്പെടുത്തുകയും വിദേശകാര്യ മന്ത്രാലയത്തിൻ്റെ അംഗീകാരം നേടുകയും വേണം. കൂടാതെ, മാരേജ് സർട്ടിഫിക്കറ്റും കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയിരിക്കണം. 14 നിർദ്ദിഷ്ട വിഭാഗങ്ങളെ ശമ്പള വ്യവസ്ഥകളിൽ നിന്ന് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.