ഗാർഹിക തൊഴിലാളികളിൽ നിന്ന് ചികിത്സാ ഫീസ് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്ന് തൊഴിൽ വിദഗ്ധർ

0
24

കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിൽ നിന്ന് ചികിത്സാ സേവനങ്ങൾക്ക് പണം ഈടാക്കുന്നത് ഗാർഹിക തൊഴിൽ നിയമത്തിന് വിരുദ്ധമാണെന്ന് ഗാർഹിക തൊഴിൽ കാര്യങ്ങളിൽ വിദഗ്ധനായ ബസ്സാം അൽ-ഷമ്മരി  വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള പ്രവാസി തൊഴിലാളികളുടെ ചികിത്സാ ഫീസ് വർധിപ്പിക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ പരാമർശിച്ചു കൊണ്ടാണ് അദ്ദേഹത്തിൻറെ പ്രതികരണം. ഗാർഹിക തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന്  ഒരു തരത്തിലും പണം കുറയ്ക്കാൻ ഗാർഹിക തൊഴിൽ നിയമം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

അൽ-ഷമ്മരിയുടെ അഭിപ്രായത്തിൽ ഇത് ആഭ്യന്തര തൊഴിൽ വിപണിയിൽ ഒരു പുതിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് തൊഴിൽ പരമായ പരാതികൾ വർദ്ധിക്കുന്നതിനും തൊഴിലാളികൾ അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ വിമുഖത കാണിക്കാൻ ഇടയാക്കും എന്നും പറഞ്ഞു.

ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ സേവനങ്ങൾക്ക് ഏർപ്പെടുത്തിയ  ഫീസ് പുനഃപരിശോധിക്കണമെന്നും 2015ലെ ഗാർഹിക തൊഴിൽ നിയമം  അനുസരിച്ച് തൊഴിലാളിയിൽ നിന്ന് ഒരു തുകയും ഈടാക്കരുതെന്നും അദ്ദേഹം തൊഴിലുടമകളോട് അഭ്യർത്ഥിച്ചു.