കുവൈത്തിൻ്റെ ദേശീയ ദിനത്തോടനുബന്ധിച്ച് മുൻ വർഷങ്ങളിലെന്നപോലെ ഇപ്രാവിശ്യവും ജീവനക്കാരെ ഉത്സവത്തിൽ ആറാടിച്ചു കൊണ്ട് എൻ.ബി ടി സി വിൻ്റർ കാർണിവൽ കൊണ്ടാടി. രാവിലെ പത്തുമണിക്ക് ആരംഭിച്ച പരിപാടിയിൽ കമ്പനി ജീവനക്കാരും, കുവൈത്തിലെ കലാകാരൻമാരും, നാട്ടിൽ നിന്നും എത്തിയ കലാകാരന്മാരും പരിപാടികൾ അവതരിപ്പിച്ചു. നൂറിലേറെ കലാകാരന്മാരുടെ കലാവിരുന്ന് രാത്രി 11 മണി വരെ ഉണ്ടായി.
കേരളത്തിലെ ഉത്സവങ്ങളുടെ പ്രതീതി ഉണർത്തിയ കാർണിവലിൽ വിവിധ തരത്തിലുള്ള ഭക്ഷണങ്ങളുമായി എൻ ബി ടി സി യുടെ വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ ഇരുപതോളം ഭക്ഷണ സ്റ്റാളുകൾ പരിപാടിയുടെ ആകർഷണമായി.
കമ്പനിയുടെ കുവൈത്ത്, അബുദാബി, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിലെ ജീവനക്കാരിൽ നിന്നും അർഹാരായവരെ തിരഞ്ഞെടുത്ത് മുൻവർഷങ്ങളിലെ എന്ന പോലെ 25 വീടുകൾ നിർമ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായം ഇത്തവണയും നൽകും.
പണി പൂർത്തിയായ 52 വീടുകളുടെ താക്കോൽ കൈമാറ്റം കാർണിവൽ വേദിയിൽ നടന്നു.
അർഹരായ ജീവനക്കാരുടെ മക്കൾക്ക് തുടർ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം,ജോലിയിലിരിക്കെ മരണപ്പെടുകയോ, ജോലി ചെയ്യാനാകാത്ത വിധം പരിക്ക് പറ്റുകയോ ചെയ്യുന്നവർക്കും, ക്യാൻസർ പോലുള്ള അപ്രതീക്ഷിതരോഗങ്ങളിൽ പെടുന്നവർക്കും, സാമ്പത്തിക സഹായം, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പും കമ്പനി നൽകി വരുന്നുണ്ട്.
തൊഴിലാളികളാണ് കമ്പനിയുടെ വളർച്ചയ്ക് മുഖ്യ പങ്ക് വഹിക്കുന്നതെന്നും തൊഴിലാളികളുടെ ഉന്നമനത്തിനായി ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുമെന്നും എൻ ബി ടി സി മാനേജിംഗ് ഡയറക്ടർ കെ ജി എബ്രഹാം അറിയിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി ഇന്ത്യൻ നയതന്ത്ര രംഗത്തെ പ്രമുഖ വ്യക്തിത്വവും നെതർലാൻ്റിലെ മുൻ ഇന്ത്യൻ അംബാസഡർ കൂടിയായിരുന്ന വേണു രാജാമണിയും പങ്കെടുത്തു. കേരളത്തിൻ്റെ സമഗ്ര വികസനത്തിന് എല്ലാ തലത്തിലുമുള്ള ജനവിഭാഗങ്ങളുടേയും സഹകരണം അനിവാര്യമാണ് എന്ന് അദ്ധേഹം പറഞ്ഞു. കമ്പനി സി ഇ ഒ കെ എസ് വിജയചന്ദ്രൻ, ഡപ്യൂട്ടി മാനേജിങ്ങ് ഡയറക്ടർ ഷിബി എബ്രഹാം, എന്നിവരും വർത്താ സമ്മേളനത്തിൽ പങ്കെടുത്തു