കുവൈറ്റ് സിറ്റി: യാത്രക്കാരുടെ വിവരങ്ങൾ ചോർത്തിയതായുള്ള അവകാശവാദം സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ കുവൈറ്റ് എയർവേയ്‌സ് അന്വേഷണം നടത്തുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുവൈറ്റ് എയർവേയ്‌സ് വഴി യാത്ര ചെയ്ത 600,000 പേരുടെ ഡാറ്റ തങ്ങളുടെ പക്കലുണ്ടെന്ന് ഒരു ഹാക്കർ സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടിരുന്നു. അതിൽ വ്യക്തിഗത വിവരങ്ങൾ അടങ്ങിയിരിക്കുന്നതായാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
വ്യോമയാന മേഖലയിൽ മേഖലയിൽ ഈ വർഷം നടന്ന ഏറ്റവും വലിയ ഹാക്കിംഗ് ആയി സൈബർ സുരക്ഷാ വിദഗ്ധർ ഇതിനെ വിശേഷിപ്പിച്ചിരുന്നു. വ്യക്തികളുടെ പേരുകൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ, ഇമെയിൽ വിലാസങ്ങൾ, യാത്രാ ചരിത്രങ്ങൾ എന്നിവ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. വിവരം പുറത്തുവന്ന ഉടനെ വിഷയത്തിൽ ഇടപെട്ട വിമാന കമ്പനി ഉപഭോക്താക്കളോട് തങ്ങളുടെ അക്കൗണ്ടുകൾ നിരീക്ഷിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.