കുവൈറ്റ് സിറ്റി: പൊതു-സ്വകാര്യ മേഖലകളിലെ മെഡിക്കൽ പ്രൊഫഷണലുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള പൊതു വ്യവസ്ഥകളും ചട്ടങ്ങളും വിശദീകരിക്കുന്ന റെസല്യൂഷൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. റെസല്യൂഷൻ അനുസരിച്ച് റസിഡൻ്റ് ഡോക്ടർമാരും രജിസ്റ്റർ ചെയ്ത അസിസ്റ്റൻ്റുമാരും ലൈസൻസുള്ള പരിശീലന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നില്ലെങ്കിൽ സ്വകാര്യ മേഖലയിൽ പ്രാക്ടീസ് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.
സ്വകാര്യ മേഖലയിലെ ഉയർന്ന സാങ്കേതിക തലങ്ങളിലേക്ക് പ്രമോഷൻ ആഗ്രഹിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകൾ കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യാലിറ്റീസ് (കിംസ്) അംഗീകരിച്ച തുടർ മെഡിക്കൽ വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.65 വയസ്സിനു മുകളിലുള്ള വ്യക്തികൾ ലൈസൻസ് അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ മുമ്പായി ആവശ്യമായ ഫിറ്റ്നസ് വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള മെഡിക്കൽ പരിശോധനകൾക്ക് വിധേയരാകണം. ഈ മെഡിക്കൽ പരിശോധനകൾ ഓരോ രണ്ട് വർഷത്തിലും ആവർത്തിക്കും.