ഇന്ത്യൻ എഞ്ചിനീയർമാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ; കെഎസ്ഇ പ്രസിഡൻ്റ് ഇന്ത്യൻ അംബാസഡറുമായി ചർച്ച നടത്തി

0
83

കുവൈറ്റ് സിറ്റി: കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് (കെഎസ്ഇ) പ്രസിഡൻ്റ് ഫൈസൽ അൽ-അറ്റ്ൽ ഇന്ത്യൻ എഞ്ചിനീയർമാരുടെ അക്രഡിറ്റേഷൻ പ്രശ്‌നങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈകയുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.  ഇന്ത്യൻ എംബസിയുമായുള്ള സഹകരണത്തിൽ കെഎസ്ഇ പ്രസിഡൻ്റ് സംതൃപ്തി പ്രകടിപ്പിച്ചു, ഇന്ത്യൻ എഞ്ചിനീയർമാർക്ക് കെഎസ്ഇയിൽ നിന്ന് എൻഒസി ലഭിക്കാത്ത സംഭവങ്ങളുമായി ബന്ധപ്പെട്ട ചർച്ച ചെയ്യുകയും ആ കേസുകൾ പരിഹരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്യാൻ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിക്കാനുള്ള കെഎസ്ഇയുടെ പദ്ധതികൾ സംബന്ധിച്ചും ഫൈസൽ അൽ-അറ്റ്ൽ വെളിപ്പെടുത്തി. ഉദ്യോഗാർത്ഥികളുടെ യോഗ്യതകളും തൊഴിൽ പരിചയവും  തൊഴിലിൻ്റെ ആവശ്യകതകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഈ പ്ലാറ്റ്ഫോം ഉറപ്പാക്കും, തുടർന്ന് അവർ രാജ്യത്ത് എത്തുമ്പോൾ അക്രഡിറ്റേഷൻ നടപടിക്രമങ്ങളും അടക്കം ഇതുവഴി ശരിയാക്കും.  ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സന്ദർശിക്കാനും വിദ്യാഭ്യാസ പ്രക്രിയയിലും മറ്റ് അക്രഡിറ്റേഷൻ ബോഡികളിലുമുള്ള പുരോഗതിയെക്കുറിച്ച് പഠിക്കാനും ഇന്ത്യൻ അംബാസഡർ സൊസൈറ്റി അംഗങ്ങളെ ക്ഷണിക്കുകയും ചെയ്തു.