റമദാനിൽ നിയമം ലംഘിച്ച് സംഭാവന സ്വീകരിച്ച 68 കേസുകളിൽ സാമൂഹികകാര്യ മന്ത്രാലയം നടപടി ആരംഭിച്ചു

കുവൈറ്റ് സിറ്റി: റമദാനിലെ സംഭാവന നിയമ ലംഘനങ്ങൾക്കെതിരെ സാമൂഹിക കാര്യ മന്ത്രാലയം  നടപടി സ്വീകരിച്ചു തുടങ്ങി, 68 കേസുകൾ അറ്റോർണി ജനറലിന് റഫർ ചെയ്തു. സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയുള്ള അനധികൃത ധനസമാഹരണം, ധനസമാഹരണ ലൈസൻസുകളും ജീവകാരുണ്യ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന 1959 ലെ 59-ാം നമ്പർ നിയമം അനുശാസിക്കുന്ന നിയന്ത്രണങ്ങളുടെ ലംഘനം എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. റമദാനിലെ അവസാന വാരത്തിൽ ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ വിവിധ പള്ളികളിലായി  171ഉം പ്രധാന അസോസിയേഷൻ ആസ്ഥാനങ്ങളിൽ 13 ഇൻസ്പെഷനുകളും നടത്തിയതായാണ് മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. നിയമവിരുദ്ധമായി വസ്ത്രങ്ങൾ ശേഖരിക്കുന്ന 14 കിയോസ്കുകൾ കണ്ടെത്തുകയും, അവയിൽ 12 എണ്ണം പിന്നീട് നീക്കം ചെയ്യുകയും ചെയ്തു. റമദാൻ ആരംഭിച്ചതിന് ശേഷം, മൊത്തം 248 കിയോസ്‌കുകൾ ഇത്തരത്തിൽ കണ്ടെത്തുകയും, 122 എണ്ണം നീക്കം ചെയ്യുകയും ചെയ്തു. ഇതോടെ റമദാനിൽ റഫർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 68 ആയി ഉയർന്നത് പ്രശ്നത്തിൻ്റെ ഗൗരവം വ്യക്തമാക്കുന്നതായും അധികൃതർ വ്യക്തമാക്കി. കൂടാതെ, മൂന്ന് റെസ്റ്റോറൻ്റുകൾ ഇഫ്താർ ഭക്ഷണത്തിനായി സംഭാവന അഭ്യർത്ഥിക്കുന്നതായി കണ്ടെത്തി, ഇത് വാണിജ്യ, വ്യവസായ മന്ത്രാലയത്തിൻ്റെ ഇടപെടലിലേക്ക് നയിച്ചു.പള്ളികളിലെ സംഭാവന ശേഖരണ ചട്ടങ്ങൾ പാലിക്കാത്ത പത്തൊൻപത് സംഭവങ്ങൾ കണ്ടെത്തി, തിരുത്തൽ നടപടിക്കായി എൻഡോവ്‌മെൻ്റ് മന്ത്രാലയത്തെ ധരിപ്പിച്ചതായും അധികൃതർ പറഞ്ഞു.