ലഖിംപൂർ കൊലപാതകം; ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ ഇന്ന്

0
14

ലഖിംപൂരിൽ നാല് കർഷകർ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ട കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഉത്തർപ്രദേശ് പൊലീസ് ഇന്ന് ചോദ്യംചെയ്യും. കൊലപാതകം ഉൾപ്പെടെ എട്ട് വകുപ്പുകൾ ചേർത്താണ് ആശിഷ് മിശ്രയ്ക്കെതിരെ കേസെടുത്തത്. ഇന്ന് രാവിലെ 11 മണിക്ക് ലഖിംപൂർ പൊലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് ആശിഷ് മിശ്രക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുള്ളത്. ഇന്നലെ ഹാജരാകാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും ആശിഷ് മിശ്ര എത്തിയിരുന്നില്ല.

അതേസമയം ലഖിംപൂര്‍ ഖേരിയില്‍ വീണ്ടും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. ആശിഷിനെ ഇന്ന് ചോദ്യംചെയ്യാനിരിക്കെയാണ് ലഖീംപൂരിലെ ഇന്റർനെറ്റ്‌ ബന്ധം വീണ്ടും വിച്ഛേദിച്ചത്. ആശിഷിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കർഷക പ്രതിഷേധം തുടരുകയാണ്. എഫ്ഐആറിലടക്കം ആശിഷ് മിശ്രയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ നടപടി വൈകിപ്പിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഒക്ടോബർ 18ന് രാജ്യവ്യാപക റെയിൽ ഉപരോധത്തിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.

എന്നാൽ ആശിഷ് ഇന്ന് ഹാജരാകുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്രയും സ്ഥിരീകരിച്ചു. ലഖിംപൂർ കൊലപാതക കേസിൽ യുപി സർക്കാരിനെ ഇന്നലെ സുപ്രീംകോടതി ശക്തമായി വിമർശിച്ചിരുന്നു. ഇതേതുടർന്ന് കൂടിയാണ് ആശിഷ് മിശ്ര ചോദ്യംചെയ്യലിന് തയ്യാറായതെന്നാണ് സൂചന. കേസിൽ രണ്ട് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.