ന്യൂഡല്‍ഹി: ലഖിംപുര്‍ കൂട്ടക്കൊലപാതക കേസിലെ പ്രതിയായ ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍ കൂട്ടക്കൊല നടന്ന ഒക്ടോബര്‍ മൂന്നിന് തന്നെയാണോ വെടിയുതിര്‍ത്തതെന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് രണ്ട് ബുള്ളറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ആശിഷ് മിശ്രയുടെ വീട്ടില്‍ പരിശോധന നടത്തുകയും റൈഫിളും റിവോള്‍വറും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ബുള്ളറ്റുകള്‍ ഈ തോക്കിലുണ്ടായിരുന്നതാണെന്ന് തിരിച്ചറിഞ്ഞെങ്കിലും കൂട്ടക്കൊല നടന്ന ദിവസമാണോ തോക്ക് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് പോലീസ് പറയുന്നത്.
ലഖിംപുര്‍ ഖേരിയിൽ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം ഇടിച്ച് കയറുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ ആശിഷ് ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്.