ലഖിംപൂർ ഖേരി സംഭവം: കർഷകർ ഇന്ന് രാജ്യവ്യാപകമായി ട്രെയിനുകൾ തടയും

0
22

ദില്ലി: ലഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച (എസ്കെഎം) ‘റെയിൽ റോക്കോ’ പ്രതിഷേധം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെ രാജ്യവ്യാപകമായി ട്രെയിനുകൾ തടയാനാണ് തീരുമാനം. പഞ്ചാബിൽ 36 ഇടങ്ങളിൽ ട്രെയിനുകൾ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. എന്നാൽ സമരം സമാധാനപരമായിരിക്കുമെന്നും കർഷക സംഘടനകൾ അറിയിച്ചു.

കർഷകർക്കിടയിലേക്ക് അജയ് മിശ്രയുടെ മകന്‍ ആശിഷ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് ആരോപണം. എന്നാൽ ഈ ആരോപണം ആശിഷ് മിശ്ര നിഷേധിച്ചിരുന്നു. ഒക്ടോബർ ഒമ്പതിന് ഇയാളെ കസ്റ്റഡിയിലെടുത്തു. ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പടെ ഒന്‍പത് പേരാണ് മരിച്ചത്.