കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്

ഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്. ഒറ്റ ഘട്ടമായി നടത്തുന്ന തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മെയ് രണ്ടിന്.
കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ സുനിൽ അറോറയാണ് വാർത്ത സമ്മേളനത്തിൽ അറിയിച്ചത്.
കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കും. സംസ്ഥാനത്ത് ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നിലവിൽവന്നു.മാർച്ച് 12ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും, മാർച്ച് 20നാണ് തിരഞ്ഞെടുപ്പ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക.

കർശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി കേരളത്തിൽ ബൂത്തുകളുടെ എണ്ണം ഇരട്ടിയോളമായി വർധിപ്പിച്ചു. കഴിഞ്ഞ തവണ 21,498 ബൂത്തുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണയത് 40,771 ആയി. അതോടൊപ്പം പോളിങ് സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയാണ് പോളിങ്.