കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടേയ്ലറായ ലുലു ഗ്രൂപ്പിന്റെ കുവൈത്തിലെ പത്താമത് ഹൈപ്പർ മാർക്കറ്റ് ഫഹഹീലിൽ പ്രവർത്തനമാരംഭിച്ചു. കുവൈത്ത് വ്യവസായ വകുപ്പ് മേധാവി അബ്ദുൽ കരീം താഖി അബ്ദുൽ കരീമാണ് പുതിയ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ യു.എ.ഇ, ഇന്ത്യ, മലേഷ്യ, ഫിലിപ്പൈൻസ്, ദക്ഷിണാഫ്രിക്ക, കെനിയ എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാരും സന്നിഹിതരായിരുന്നു.ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. ലുലു ഗ്രൂപ്പിന്റെ 184 മത് ഹൈപ്പർ മാർക്കറ്റാണിത്.കുവൈത്തിൽ മൂന്ന് ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. നവീനമായ ഷോപ്പിംഗ് അനുഭവമായിരിക്കും ഫഹാഹീലിലേ ഹൈപ്പർ മാർക്കറ്റ് ഉപഭോക്താക്കൾക്ക് നൽകുകയെന്നും അദ്ദേഹം പറഞ്ഞു.അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജി .സി.സി. രാജ്യങ്ങൾ, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലായി ഇരുപത് ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും യൂസുഫലി പറഞ്ഞു.
ചടങ്ങിൽ ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രുപാവാല, എക്സിക്യുട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം. എ., ലുലു കുവൈത്ത് ഡയറക്‌ടർ മുഹമ്മദ് ഹാരിസ് എന്നിവരും സംബന്ധിച്ചു.വൻ ജനാവലിയാണ് ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാൻ ഫഹഹീലിൽ എത്തിയത്