ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലൊന്നായ മേരി കോം പ്രീ കോർട്ട്റില് പരാജയപ്പെട്ടു. കൊളംബിയയുടെ ഇന്‍ഗ്രിറ്റ വലന്‍സിയോടാണ് മേരി കോം പരാജയപ്പെട്ടത്. ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ 2-3 എന്ന സ്‌കോറിനാണ് മേരി കോമിന്റെ പരാജയം. ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയായിരുന്ന മേരി കോമിന്റെ അവസാന ഒളിമ്പിക്‌സായിരുന്നു ഇത്.
ആദ്യ റൗണ്ട് അവസാനിച്ചപ്പോള്‍ നാല് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിനൊപ്പം നിന്നപ്പോള്‍ ഒരാള്‍ ഇന്ത്യയ്‌ക്കൊപ്പം നിന്നു. രണ്ടാം റൗണ്ടില്‍ മൂന്ന് ജഡ്ജുമാര്‍ മേരിയ്‌ക്കൊപ്പം നിന്നപ്പോള്‍ രണ്ട് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിന് അനുകൂലമായി വിധിയെഴുതി. നിര്‍ണ്ണായകമായ മൂന്നാം റൗണ്ടില്‍ മൂന്ന് ജഡ്ജുമാര്‍ മേരിയ്‌ക്കൊപ്പം നിന്നുവെങ്കിലും രണ്ട് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിനൊപ്പം നിന്നപ്പോള്‍ സ്പ്ലിറ്റ് ഡിസിഷനില്‍ മത്സരം മേരിയ്ക്ക് നഷ്ടമാവുകയായിരുന്നു. ജഡ്ജുമാരുടെ തീരുമാനത്തെ പുഞ്ചിരിയിലൂടെയും എതിരാളിയെ ആശ്ലേഷിച്ചുമാണ് മേരി കോം സ്വീകരിച്ചത്.