റമദാനില്‍ ഒന്നിലേറെ തവണ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കില്ല

0
14
Kaaba in Mecca Saudi Arabia

റമദാനിലെ ഉംറ തീര്‍ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. വിശുദ്ധമാസത്തിൽ തിരക്കേറിയ പശ്ചാത്തലത്തില്‍ ആണ് ഒന്നില്‍ കൂടുതല്‍ തവണ ഉംറ ചെയ്യുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ചത് . റമദാനില്‍ ഒരു തവണയില്‍ കൂടുതല്‍ ഉംറ നിര്‍വഹിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഉംറ നിര്‍വഹിക്കുന്നതിന് തീര്‍ഥാടകര്‍ നുസുക്ക് ആപ്പില്‍ നിന്ന് പെര്‍മിറ്റ് എടുക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു. എന്നു മാത്രമല്ല, പെര്‍മിറ്റ് ലഭിച്ചവര്‍ ഉംറ തീര്‍ഥാടനത്തിന് അനുവദിച്ച സമയത്ത് തന്നെ എത്തിച്ചേരാനും കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാനും ശ്രദ്ധിക്കണം. തീര്‍ഥാടനത്തിന് എത്തുന്ന എല്ലാവര്‍ക്കും പ്രയാസം കൂടാതെ ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഇത് അത്യാവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പെര്‍മിറ്റെടുക്കാതെ ഉംറ ചെയ്ത് പിടിക്കപ്പെട്ടാല്‍ വന്‍ തുക പിഴ ചുമത്തും.